ASIA CUP 2025: പാകിസ്താനെ തോൽപിക്കാൻ ഇന്ത്യയുടെ ബി ടീം തന്നെ ധാരാളം: അതുൽ വാസൻ

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇത്തവണയും വീറും വാശിയും ഒട്ടും കുറയില്ലെന്ന് ഉറപ്പാണ്. ഇരുരാജ്യങ്ങൾക്കിടയിൽ സമീപകാലത്ത് ഉടലെടുത്ത പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ മത്സരം ഇന്ത്യയ്ക്കും പാകിസ്താനും അഭിമാനത്തിന്റെ പോരാട്ടം കൂടിയാണ്.
നിലവിലെ പാകിസ്ഥാൻ ടീമിന്റെ പ്രകടനത്തിൽ വൻ ട്രോളുകളാണ് ടീമിന് ലഭിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ ബി ടീമിന് പോലും നിലവിലെ പാകിസ്താന്‍ ടീമിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് മുൻ ഇന്ത്യൻ താരം അതുല്‍ വാസന്‍ പറയുന്നത്. കഴിവിന്റെ കാര്യത്തില്‍ ഇരുടീമുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് പറഞ്ഞ അതുല്‍ വാസന്‍, രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും അഭാവം ഇന്ത്യന്‍ ടീമിന് അനുഭവപ്പെട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതുൽ വാസൻ പറയുന്നത് ഇങ്ങനെ:
” കാര്യങ്ങള്‍ മാറിയതിനാല്‍ ഇന്ത്യയുടെ ബി ടീം ഈ പാകിസ്താന്‍ ടീമിനെയും തോല്‍പ്പിക്കും. 90കളില്‍ ഞങ്ങള്‍ കളിക്കുന്ന കാലഘട്ടങ്ങളില്‍ പാകിസ്താന്‍ വളരെ മികച്ച ടീമായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി”
അതുൽ വാസൻ തുടർന്നു:
” രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും അഭാവം എനിക്ക് അനുഭവപ്പെടുന്നില്ല. കാര്യങ്ങളെല്ലാം മാറിമറിയും. പുതിയ സൂപ്പര്‍ സ്റ്റാറുകള്‍ വരുകയും ചെയ്യും. അതുപോലെ തന്നെ ടീമില്‍ നിന്ന് ആരെ ഒഴിവാക്കണം, ആരെ തിരഞ്ഞെടുക്കണം എന്നതിന്റെ പേരില്‍ എല്ലാവരെയും കൂട്ടിക്കലര്‍ത്താന്‍ സെലക്ടര്‍മാരോട് എനിക്ക് സഹതാപം തോന്നുന്നു” അതുൽ വാസൻ പറഞ്ഞു.
