ASIA CUP 2025: സഞ്ജുവിനെ കൊണ്ട് സാധിക്കില്ലെന്ന് ആര് പറഞ്ഞു, ആ ഒരു കാര്യം അവനെ കൊണ്ടേ സാധിക്കൂ: സിതാൻഷു കൊതാക്

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇത്തവണയും വീറും വാശിയും ഒട്ടും കുറയില്ലെന്ന് ഉറപ്പാണ്. യുഎഇക്കെതിരെ നടന്ന മത്സരത്തിൽ സഞ്ജു സാംസണ് ഓപണിംഗിൽ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ അതിനു മുൻപ് തന്നെ സഞ്ജുവിന് പകരം ജിതേഷ് ശർമ്മയെ ടീമിൽ എടുക്കും എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ ടീമിൽ സഞ്ജു സാംസന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കൊതാക്.
സിതാൻഷു കൊതാക് പറയുന്നത് ഇങ്ങനെ:
” സഞ്ജു സാംസൺ അഞ്ചാമതും ആറാമതും അധികം ബാറ്റ് ചെയ്തിട്ടില്ല, അതിനർത്ഥം അവന് അവിടെ തിളങ്ങാൻ സാധിക്കില്ല എന്നല്ല. സഞ്ജുവിന് എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ടീമിന് എവിടെയാണോ അവനെ ആവശ്യം അവിടെ കോച്ചും ക്യാപ്റ്റനും ചേർന്ന് കളിപ്പിക്കും. എവിടെ ബാറ്റ് ചെയ്താലും അവൻ സന്തോഷവാനാണ്”
‘ഞങ്ങളുടെ ബാറ്റിങ് ലൈനപ്പ് നോക്കിയാൽ എല്ലാ ബാറ്റർമാരും എവിടെ വേണമെങ്കിലും കളിക്കാൻ സാധിക്കുന്നവരാണ്. സാഹചര്യം അനുസരിച്ച് കളിക്കാൻ സാധിക്കുന്ന ഒരു നാലഞ്ച് കളിക്കാർ ഞങ്ങൾക്കൊപ്പമുണ്ട്. അവരെല്ലാം എവിടെ വേണമെങ്കിലും ബാറ്റ് വീശാൻ സാധിക്കുന്നവരാണ്. സഞ്ജുവിനെ അഞ്ചാമനായാണ് കഴിഞ്ഞ മത്സരത്തിൽ ഇറക്കാൻ ഉദ്ദേശിച്ചത്. എന്നാൽ അടുത്ത മത്സരത്തിൽ അത് മാറിയേക്കാം. എല്ലാവർക്കും അവരുടെ റോൾ കൃത്യമായി അറിയാം. സാഹചര്യം അനുസരിച്ച് അതിന് വ്യക്തത വരുത്തും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
