
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയുംചെയ്ത അഭിഭാഷകൻ പിടിയിൽ. പഴയകാല സിനിമ സംവിധായകൻകൂടിയായ കൊല്ലം കുണ്ടറ സ്വദേശിയും നിലവിൽ തൃശൂർ അയ്യന്തോളിൽ താമസിക്കുന്നയാളുമായ സംഗീത് ലൂയിസാണ് (46) പിടിയിലായത്.നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. കൊച്ചി സിറ്റി സൈബർ പൊലീസ് വ്യാഴാഴ്ച പുലർച്ച അയ്യന്തോളിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാംപ്രതി നടി മിനു മുനീറിനെ സൈബർ ക്രൈം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. 2023ൽ കുണ്ടറ പൊലീസ് കാപ്പ പ്രകാരം ഇയാളെ റൗഡിയായി പ്രഖ്യാപിച്ച് കരുതൽതടങ്കലിൽ പാർപ്പിച്ചിരുന്നു.
