
കൊണ്ടോട്ടി: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം വലിയങ്ങാടി സ്വദേശി പണ്ടാറക്കല്‍ മുനവ്വര്‍ (32) ആണ് പിടിയിലായത്. കോഴിക്കോട് കിണാശ്ശേരി സ്വദേശി മുഹമ്മദ് ഷാലുവിനെ (35) ജൂലൈ 13ന് രാവിലെ 7.30ഓടെ പുളിക്കല്‍ വലിയപറമ്പ് ആലുങ്ങലില്നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയ സംഭവത്തില്‍ നേരിട്ട് പങ്കാളിത്തമുള്ളയാളാണ് മുനവ്വറെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ അഞ്ചായി. പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ മാത്രമാണ് ഇനി പിടിയിലാകാനുള്ളതെന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു. പ്രധാന പ്രതിയുടെ സുഹൃത്തും ചെന്നൈയിലെ സ്ഥാപനത്തിലെ പങ്കാളിയും ഗൂഢാലോചന മുതല്‍ മര്‍ദനം നടത്തിയതു വരെയുള്ള സംഭവത്തില്‍ ഉള്‍പ്പെട്ടയാളുമാണ് മുനവ്വറെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവശേഷം മുങ്ങിയ പ്രതിയെ ചെന്നൈയില്‍നിന്ന് പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസിലും എക്സൈസിലും നേരത്തേയും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
