Crime
പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കാൻ ശ്രമം, തടഞ്ഞ പിതാവിനെ അക്രമിച്ചു; യുവാവ് പിടിയില്‍

തൃശൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കൾ നൽകുന്നതിനായി തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. താന്ന്യം സ്വദേശി വിവേകി (38) നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലാണ് സംഭവം. മദ്യവും ബീഡിയും ലഹരി വസ്തുക്കളും നൽകുന്നതിനായി പ്രതി കുട്ടിയെ വീട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോകുകയും തടയാനായി എത്തിയ പിതാവിനെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് വിവേകെന്ന് പൊലീസ് പറഞ്ഞു. അന്തിക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സജു, ഷാജി എന്നിവരാണ് പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
