National

യാത്രക്കാരുടെ ശ്രദ്ധക്ക്, എല്ലാം റെഡി, ഇനി തുടങ്ങിയാൽ മതി, 180 കിമീ വേ​ഗത്തിൽ കുതിച്ച് വന്ദേഭാരത് സ്ലീപ്പർ

ദില്ലി: ഇന്ത്യയുടെ വേഗയാത്രക്ക് നിറം പകർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരീക്ഷണങ്ങളിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചതായി റെയിൽവേ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുന്നത്.  ഈ മാസം അവസാനം വരെ പരീക്ഷണങ്ങൾ തുടരുമെന്ന് റെയിൽവേ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. കോട്ട ഡിവിഷനിലെ വിജയകരമായ പരീക്ഷണത്തിൻ്റെ വീഡിയോയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്  പങ്കുവെച്ചത്. വ്യാഴാഴ്ച, രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ കോട്ടയ്ക്കും ലബനുമിടയിൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടത്തിനിടയിൽ, ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ എത്തി. റോഹൽ ഖുർദ് മുതൽ കോട്ട വരെയുള്ള 40 കിലോമീറ്റർ ദൈർഘ്യമുള്ള ട്രയൽ റണ്ണിൽ, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ എന്ന വേഗതയിലെത്തി. അതേ ദിവസം, കോട്ട-നാഗ്ദ, റോഹൽ ഖുർദ്-ചൗ മഹ്‌ല വിഭാഗങ്ങളിൽ മണിക്കൂറിൽ 170 കിലോമീറ്ററും മണിക്കൂറിൽ 160 കിലോമീറ്ററുമായി ഉയർന്നു. ലഖ്‌നൗവിലെ RDSO യുടെ മേൽനോട്ടത്തിലാണ് പരീക്ഷണം. പരീക്ഷണങ്ങൾ പൂർത്തിയായാൽ, പരമാവധി വേഗതയിൽ റെയിൽവേ സുരക്ഷാ കമ്മീഷണർ ട്രെയിൻ വിലയിരുത്തും. അവസാന ഘട്ടം കഴിഞ്ഞാൽ മാത്രമേ വന്ദേ ഭാരത് ട്രെയിനുകൾ ഔദ്യോഗികമായി സർവീസിനായി ഇന്ത്യൻ റെയിൽവേയ്ക്ക് കൈമാറുകയുള്ളൂ. കാശ്മീർ മുതൽ കന്യാകുമാരി, ദില്ലി മുതൽ മുംബൈ, ഹൗറ മുതൽ ചെന്നൈ വരെയുള്ള ദൂര യാത്രകളിൽ ലോകോത്തര യാത്രാനുഭവം റെയിൽ യാത്രക്കാർക്ക് പ്രതീക്ഷിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button