
കണ്ണൂർ: ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി കെ.സി.വിജയൻ രാജിവെച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കെ.സി.വിജയന്റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് രാജി. കെ.സി. വിജയനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയിരുന്നു. വയനാട് പുനരധിവാസത്തിലും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലും നേതൃത്വം തട്ടിപ്പുനടത്തി എന്ന് കെ.സി.വിജയൻ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
“നാണമുണ്ടോ? യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കള്ള ഐഡന്റിറ്റി കാർഡ് ഉണ്ടാക്കി. അത്ര അന്തസ്സൊന്നും ചമയണ്ട. തട്ടിപ്പ് കാണിച്ച് എന്തും ചെയ്യാൻ സാധിക്കും. കള്ളവോട്ടും വാങ്ങി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ചമഞ്ഞു നടക്കുന്നു. നിന്റെ മുകളിലുള്ള നേതാവും അങ്ങനെ തന്നെയാണ്. വയനാട്ടിലേക്ക് കൊടുക്കാൻ വേണ്ടിയുള്ള പണത്തിൽ നിന്ന് പിടിച്ചതിന്റെ കണക്ക് അറിയാം. ബാക്കിയുള്ളത് പിന്നെ പറഞ്ഞു തുടങ്ങാം” എന്നായിരുന്നു സന്ദേശം
