CrimeKerala

കാണാതായ പെൺകുട്ടിക്കൊപ്പം മരിച്ചത് ഓട്ടോഡ്രൈവർ; സ്കൂളിൽ പോയിരുന്നത് ഇയാളുടെ ഓട്ടോയിൽ

കുമ്പള: പൈവളിഗെയിൽ 26 ദിവസം മുമ്പ് കാണാതായ പെൺകുട്ടിക്കൊപ്പം തൂങ്ങി മരിച്ച നിലയിൽ ക​ണ്ടെത്തിയത് കുടുംബസുഹൃത്തുകൂടിയായ ഓട്ടോ ഡ്രൈവർ. പത്താംക്ലാസ് വിദ്യാർഥിനിയായ 15കാരിയെയും അയൽവാസിയും ഓട്ടോ​ഡ്രൈവറുമായ പ്രദീപിനെ(42)യുമാണ് പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള കുറ്റിക്കാട്ടിൽ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ പ്രദീപ് പെൺകുട്ടിയുടെ കുടുംബസുഹൃത്തുകൂടിയായിരുന്നു. പലപ്പോഴും പെൺകുട്ടിയെ സ്കൂളിൽ കൊണ്ടാക്കിയിരുന്നത് പ്രദീപായിരുന്നു. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണിന്റെ അവസാന ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് സമീപം കത്തിയും ചോക്ലേറ്റും ഫോണും കണ്ടെത്തി. കാണാതായ ദിവസം ധരിച്ചിരുന്ന അതേ വേഷത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്.ഫെബ്രുവരി 12 മുതലാണ് പെൺകുട്ടിയെ കാണാതായത്. അന്നുതന്നെ പ്രദീപിനെയും കാണാതായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിൽ നൽകിയ പരാതി. ഇളയസഹോദരിയാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ആദ്യമറിയിച്ചത്. വീടിന്‍റെ പിന്‍വാതിൽ തുറന്നുകിടക്കുകയായിരുന്നു. തിരഞ്ഞുനോക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണിൽ വിളിച്ചപ്പോള്‍ റിങ് ചെയ്തെങ്കിലും എടുത്തില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. പിന്നീട് ഫോൺ ഓഫാകുകയും ചെയ്തു. പെൺകുട്ടിയെ കാണാതായ ദിവസംതന്നെ അയൽവാസിയായ പ്രദീപിനെയും കാണാതാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണം രക്ഷിതാക്കൾ ഉയർത്തിയിരുന്നു. അതിനിടെ, കഴിഞ്ഞദിവസം പെൺകുട്ടിയുടെ രക്ഷിതാക്കൾ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകി. തുടർന്ന് ഞായറാഴ്ച രാവിലെമുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധപ്രവർത്തകരും അടക്കമുള്ളവർ പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് കാണാതെയായി 26-ാം നാള്‍ വീടിന് 200 മീറ്റര്‍ മാത്രം അകലെ തോട്ടത്തില്‍ പെൺകുട്ടിയുടെയും യുവാവിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരോധാനവുമായി ബന്ധപ്പെട്ട് ന്വേഷണങ്ങൾക്ക് വിരാമമായെങ്കിലും മരണകാരണം ദുരൂഹമായി തുടരുകയാണ്. എന്താണ് ഇരുവരുടെ ജീവനെടുക്കാനുള്ള കാരണമെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button