വിമാനത്താവളത്തിലെ ശുചിമുറിയിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം; യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വിമാന യത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ച് മുംബൈ പൊലീസ്. കുട്ടി ജനിച്ച ഉടൻതന്നെ കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇന്നലെ രാത്രി 10:30 ഓടെ വിമാനത്താവളത്തിന്‍റെ ശുചിമുറികൾ വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ശുചിമുറിയിലെ ഡസ്ബിനിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം. വിമാനത്താവള സുരക്ഷാ വിഭാഗം ഉടൻ തന്നെ സഹാർ റോഡ് പൊലീസിനെ അറിയിച്ചു. അവർ സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത് തൊട്ടുടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജനിച്ച് അധിക ദിവസം ആകാത്ത കുഞ്ഞെന്നാണ് ഡോക്ടർമാർ പൊലീസിന് നൽകിയിരിക്കുന്ന വിവരം. മൃതദേഹം ഉപേക്ഷിച്ചത് വിമാനത്തിൽ യാത്ര ചെയ്തവരോ യാത്ര ചെയ്യാനായി വിമാനത്താവളത്തിൽ എത്തിയവരോ ആണ് എന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. സുരക്ഷാ പരിശോധന പൂർത്തിയാക്കി വിമാനത്താവളത്തിൽ കയറിയ മുഴുവനാളുകളുടെയും വിവരങ്ങൾ ഇപ്പോൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ടോയ്‌ലറ്റിനുള്ളിൽ പ്രവേശിച്ചവരുടെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മുംബൈയിലെത്തിയ വിദേശികളിൽ ആരെങ്കിലുും ആണോ ഈ കുറ്റകൃത്യത്തിന് പിന്നിൽ ഒന്നും പൊലീസിന് സംശയമുണ്ട്. വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇപ്പോൾ മുംബൈ പൊലീസ് അന്വേഷണം നടത്തുന്നത്.
