മോശമായ ഭാഷയിൽ തര്‍ക്കം, പരസ്യ ഭീഷണി, രക്ഷിതാക്കൾക്ക് ഇടയിലെ ശത്രുത കുട്ടികളിലേക്കും വ്യാപിക്കും: പി സതീദേവി

തിരുവനന്തപുരം: കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കും ശത്രുതയും കുട്ടികളിലേക്കും വ്യാപിക്കുന്നതായി കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. കുടുംബ വഴക്കിന്റെ പേരിൽ രക്ഷിതാക്കൾക്ക് ഇടയിലുള്ള ശത്രുത അവരുടെ കുട്ടികളിലേക്കും വ്യാപിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് സമൂഹത്തിലുള്ളത്. ബന്ധുക്കളുമായും സഹോദരങ്ങൾ തമ്മിലുമുള്ള കുടുംബവഴക്ക് വർദ്ധിച്ചുവരികയാണ്. മോശമായ ഭാഷയിലാണ് പലപ്പോഴും ഇവർ തർക്കിക്കുന്നത്. പരസ്യമായ ഭീഷണിപ്പെടുത്തലുകളുമുണ്ട്. ഇവരുടെ ശത്രുത കുടുംബാന്തരീക്ഷത്തിലേക്കും കടന്നുവരുന്നു. സംഘർഷഭരിതമായ അന്തരീക്ഷ നിലനിൽക്കുന്ന പല കുടുംബങ്ങളുമുണ്ട്. കൊലപാതക ഭീഷണിയടക്ക മുഴക്കി കുടുംബാന്തരീക്ഷം ഭീതിതമാക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നും ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വാർഡ് തല ജാഗ്രത സമിതികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇത്തരം കുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ കൗൺസിലിംഗും മറ്റും ലഭ്യമാക്കണം. ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അഡ്വ. പി. സതിദേവി പറഞ്ഞു. ആകെ 300 കേസുകളാണ് ഇന്ന് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 58 എണ്ണം പരിഹരിച്ചു. 12 കേസുകളിൽ റിപ്പോർട്ട് തേടി. ആറെണ്ണം കൗൺസിലിങ്ങിന് അയച്ചു. 224 കേസുകൾ അടുത്ത അദാലത്തിലും പരിഗണിക്കും. പുതുതായി രണ്ടു പരാതികളാണ് ഇന്ന് ലഭിച്ചത്. വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ ഐപിഎസ്, സിഐ ജോസ് കുര്യൻ, അഭിഭാഷകരായ സൂര്യ, സൗമ്യ, സരിത, രജിത റാണി എന്നിവരും പരാതികൾ പരിഗണിച്ചു.
