ചാലക്കുടിയിൽ ബാങ്ക് കൊള്ള: പട്ടാപ്പകൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർന്നു; സംഭവം ഫെഡറൽ ബാങ്ക് പോട്ട ശാഖയില്‍

തൃശ്ശൂർ: തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. കൗണ്ടറിൽ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കിൽ എത്തിയ അക്രമിയാണ് കവർച്ച നടത്തിയത്. 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. തൃശ്ശൂർ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഉച്ചയോട് കൂടിയാണ് സംഭവം നടന്നത്. ബാങ്ക് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിലാക്കി പൂട്ടിയതിന് ശേഷമാണ് അക്രമി കൗണ്ടർ തകർത്ത് പണം കവർന്നത്. എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്. ഹെൽമറ്റും ജാക്കറ്റും മാസ്കും ധരിച്ചാണ് അക്രമി ബാങ്കിനകത്തേക്ക് കടക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. തൃശ്ശൂർ ഭാഗത്തേക്കാണ് അക്രമി കടന്നിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നഷ്ടപ്പെട്ട പണത്തിന്റെ കണക്ക് പരിശോധിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ. പൊലീസ് ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തിയിട്ടുണ്ട്.
