ഒന്നിന് പിറകെ ഒന്നായി രാജ്യത്തെ ബാങ്കുകൾ വായ്പ പലിശ കുറയ്ക്കുന്നു; ലോട്ടറിയടിച്ചത് ലോണ്‍ എടുത്തവർക്ക്

ദില്ലി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായ രണ്ടാം തവണയും കുറച്ചതോടെ രാജ്യത്തെ ബാങ്കുകൾ എല്ലാം തന്നെ വായ്പ പലിശ നിരക്കുകൾ കുറച്ചു തുടങ്ങി. എസ്‌ബിഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഭവന വായ്പകളുടെ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്കുകൾ കുറച്ചിട്ടുണ്ട്. വായ്പാ നിരക്കുകൾ കുറച്ച ബാങ്കുകൾ ഇവയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: എസ്‌ബിഐ ഇബിഎൽആർ 25 ബേസിസ് പോയിന്റ് വരെ കുറച്ചിട്ടുണ്ട്. നിലവിലെ ഇബിഎൽആർ 8.65 ശതമാനമാണ്. റെപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്കും എസ്‌ബിഐ 25 ബേസിസ് പോയിന്റ് കുറച്ചു 8.25 ശതമാനമാക്കി. പുതിയ നിരക്കുകൾ ഏപ്രിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ബാങ്ക് ഓഫ് മഹാരാഷ്ട്ര : റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് 25 ബേസിസ് പോയിന്റ് ബാങ്ക് ഓഫ് മഹാരാഷ്ട്ര കുറച്ചിട്ടുണ്ട്. ഇതോടെ 8.80 ശതമാനമാണ് ആർഎൽഎൽആർ. ഇന്ത്യൻ ബാങ്ക് : റിപ്പോ റേറ്റ് ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് 9.05 ൽ നിന്ന് 8.7 ശതമാനമായി ഇന്ത്യൻ ബാങ്ക് കുറച്ചിട്ടുണ്ട്. ഈ പുതുക്കിയ നിരക്കുകൾ ഏപ്രിൽ 11 മുതൽ നിലവിൽ വന്നിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് :റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് 9.10 ശതമാനത്തിൽ നിന്ന് 8.85 ശതമാനമായാണ് പിഎൻബി കുറച്ചത്. പുതിയ നിരക്ക് ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു.
