ബാഴ്സ തുടങ്ങി; മയോർക്കയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

മയോർക്ക : ലാലിഗയിലെ ആദ്യ മത്സരത്തിൽ മയോർക്കയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് ബാഴ്സ. റാഫീന്യ , ഫെറാൻ ടോറസ് , ലമീൻ യമാൽ എന്നിവരാണ് ബാഴ്സക്കായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് ചുവപ്പ് കാർഡ് കണ്ടതോടെ മയോർക്ക ഒമ്പത് പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.ഏഴാം മിനുട്ടിൽ റാഫീന്യയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. വലതു വിങ്ങിൽ നിന്നും യമാൽ നൽകിയ ക്രോസിന് തലവെച്ച് താരം ബാഴ്സക്ക് ലീഡ് നൽകി. യമാലിന്റെ ക്രോസിന് മുമ്പ് പന്ത് ത്രോലൈൻ കടന്നെങ്കിലും റഫറി വിസിൽ ചെയ്യാതെയിരുന്നത് വിവാദങ്ങൾക്ക് കാരണമായി. ബാഴ്സയുടെ രണ്ടാം ഗോളിലും വിവാദങ്ങളുടെ സ്വരമുണ്ടായിരുന്നു. മയോർക്ക താരം വീണു കിടക്കെ ഫെറാൻ ടോറസ് ഗോൾനേടിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.33 ആം മിനുട്ടിൽ ലമീൻ യമാലിനെ വീഴ്ത്തിയതിന് മനു മോർലാൻസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയി. അഞ്ച് മിനുട്ടിന്റെ ഇടവേളയിൽ ജോൺ ഗാർഷ്യയെ ഫൗൾ ചെയ്തതിന് മുരികി കൂടി പുറത്തായാതോടെ മയോർക്ക ഒമ്പത് പേരിലേക്ക് ചുരുങ്ങി. ഇഞ്ചുറി സമയത്താണ് യമാലിന്റെ ഗോൾ. ഈ ട്രാൻസഫർ വിൻഡോയിൽ ടീമിലെത്തിയ ജോൺ ഗാർഷ്യയും റാഷ്ഫോർഡും ബാഴ്സ ജേഴ്സിയിൽ അരങ്ങേറി.
