കടുപ്പത്തിലാണെങ്കിലും ലൈറ്റായിട്ടാണേലും സൂക്ഷിക്കണേ: മലപ്പുറത്ത് കൃത്രിമകളര്‍ ചേര്‍ത്ത 15കിലോ ചായപ്പൊടി പിടികൂടി

മലപ്പുറം ജില്ലയിലെ പല കടകളിലും കൃത്രിമക്കളർ ചേർത്ത ചായപ്പൊടി കൊണ്ടുണ്ടാക്കിയ ചായ നല്‍കുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.ജില്ലയില്‍ പലയിടങ്ങളിലും കളർചേർത്ത ചായപ്പൊടി വില്പന വ്യാപകവുമാണ്. പട്ടാമ്ബിയില്‍ നിന്ന് ജില്ലയുടെ തീരദേശമേഖലയില്‍ വില്പയ്ക്ക് കൊണ്ടുവന്ന 15 കിലോ കൃത്രിമ കളർ ചേർത്ത ചായപ്പൊടി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
കഴിഞ്ഞ ദിവസം നടന്ന ബി.പി. അങ്ങാടി നേർച്ച സ്ഥലത്തെ ചില ചായക്കടകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മൊബൈല്‍ ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധന നടത്തിയപ്പോള്‍ കളർ ചേർത്ത ചായപ്പൊടി കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ വ്യാഴാഴ്ചകളില്‍ തിരൂർ, താനൂർ മേഖലകളില്‍ ഇത്തരം ചായപ്പൊടി വില്പന നടത്തുന്ന സംഘം വാഹനത്തിലെത്തുമെന്ന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് മലപ്പുറം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ചായപ്പൊടി കണ്ടെത്തിയത്. വില്പനയ്ക്കുപോകുന്ന വാഹനം പിടികൂടി ചായപ്പൊടി പിടിച്ചെടുത്തത് വാഹനത്തിലുണ്ടായിരുന്ന പട്ടാമ്ബി സ്വദേശി അഷ്റഫലി (55) ക്കെതിരേ കേസെടുത്തു. ചായപ്പൊടിയുടെ സാമ്ബിള്‍ വിദഗ്ധ പരിശോധനയ്ക്ക് കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലേക്കയച്ചു. അന്തിമഫലം വന്നാല്‍ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
