ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നിർത്തിവെച്ചു

ദില്ലി : ഇന്ത്യയുടേയും പാകിസ്താന്റേയും അതിർത്തിയായ വാഗയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ചടങ്ങ് റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ കർത്താർപൂർ ഇടനാഴിയും അടച്ചു. സിക്ക് തീർത്ഥാടന കേന്ദ്രമായ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇന്ത്യ-പാക്ക് ഇടനാഴിയാണ് താൽക്കാലികമായി അടച്ചത്. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് പൂട്ടിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പഹൽഗാമിന് തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കശ്മീർ അതിർത്തിയിലെ ഏഴിടങ്ങളിൽ ഇന്ത്യ-പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. ഉറിയിൽ പാക്ക് ഷെല്ലിങ്ങിൽ 7 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണ രേഖയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മൂന്ന് പാക് സൈനികരെ വധിച്ചു. പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക്ക് പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ ചൈനയുമായി ചർച്ച നടത്തി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി സംസാരിച്ചു. അതിർത്തിയെ സാഹചര്യവും ആക്രമണത്തിൻ്റെ വിശദാംശങ്ങളും ചർച്ചയായെന്നാണ് വിവരം. അമിത് ഷാ പാകിസ്ഥാനുമായും നേപ്പാളുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അടിയന്തിര സാഹചര്യം ചർച്ച ചെയ്തു.
