Kerala

ബീഫ്, മീൻ സ്റ്റാൾ, ഹോട്ടൽ, ഇവിടെയെല്ലാം ആരോഗ്യവകുപ്പ് കണ്ടത് ഒരേ പ്രശ്നം, ഹോട്ടൽ പൂട്ടി, കടകൾക്ക് നോട്ടീസ്

കോഴിക്കോട്: താമരശ്ശേരിയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച കട അടപ്പിച്ചു. പരപ്പന്‍പൊയിലില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് അധികൃതര്‍ പരിശോധന നടത്തി പൂട്ടിച്ചത്. വൃത്തിഹീനമായും ആവശ്യമായ രേഖകളില്ലാതെയുമാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചിക്കന്‍ സ്റ്റാളുകളിലും ഹോട്ടലുകളിലുമാണ് ഇന്ന് രാവിലെ മുതല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രധാനമായും പരിശോധന നടത്തിയത്.   കിഴക്കോത്ത് പഞ്ചായത്തിലെ കത്തറമ്മല്‍, ആവിലോറ, പറക്കുന്ന് എന്നിവിടങ്ങളിലും ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. കത്തറമ്മലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ബീഫ് സ്റ്റാള്‍, ചിക്കന്‍ സ്റ്റാള്‍, മത്സ്യ വിപണന കേന്ദ്രം തുടങ്ങിയവയ്ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കുകയും എല്ലാ കച്ചവട സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  വരും ദിവസങ്ങളിലും പരിശോധന കര്‍ശ്ശനമാക്കുമെന്നും ശുചിത്വ സംവിധാനങ്ങള്‍ ഇല്ലാതെയും ആവശ്യമായ രേഖകള്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ് ടിഎം, റാഹില ബീഗം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button