ഒറ്റയടിക്ക് 600 ഫ്രൈഡ് ചിക്കനും 100 ബർഗറും തിന്നും, മെലിഞ്ഞ ശരീരം, ഒടുവില്‍ വിരമിക്കുന്നതായി ബിഗ് ഈറ്റര്‍

ജപ്പാനിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് യുക കിനോഷിത. സോഷ്യൽ മീഡിയയിൽ അവർക്ക് 5.2 മില്ല്യണിലധികം ഫോളോവർമാരുണ്ട്. മത്സരിച്ച് ഭക്ഷണം കഴിക്കുന്നതിലാണ് കിനോഷിത പ്രശസ്തം. എന്നാൽ, ആരോഗ്യപ്രശ്നങ്ങളും പ്രായവും കാരണം താൻ വിരമിക്കുകയാണ് എന്നാണ് ഇപ്പോൾ അവൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ നിന്നും ഏഴ് മാസത്തോളം വിട്ടുനിന്ന ശേഷം കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അവൾ തിരികെ സോഷ്യൽ മീഡിയയിലെത്തിച്ചേർന്നത്. ബൈപോളാർ ഡിസോർഡർ കാരണമാണ് കിനോഷിത സോഷ്യൽ മീഡിയയിൽ നിന്നും മാസങ്ങളോളം വിട്ടുനിന്നത്. ‘ബിഗ് ഈറ്ററാ’യി അറിയപ്പെടുന്ന കിനോഷിത പറയുന്നത്, തനിക്ക് പ്രായം 40 ആവുന്നു. ഇനിയും തനിക്ക് ഇത്രയധികം ഭക്ഷണം കഴിച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ല എന്നാണ്. ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കൽ തനിക്ക് വർഷങ്ങളായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നും കിനോഷിത പറയുന്നു. 2009 -ൽ ജാപ്പനീസ് റിയാലിറ്റി ഷോയായ ‘ദി ബാറ്റിൽ ഓഫ് ബിഗ് ഈറ്റേഴ്‌സി’ൽ പങ്കെടുത്തതോടെയാണ് കിനോഷിത പ്രശസ്തയായി തുടങ്ങിയത്. ഇത്രയധികം കഴിച്ചിട്ടും അവളുടെ മെലിഞ്ഞിരിക്കുന്ന ശരീരവും പുഞ്ചിരിയും ആളുകളെ പെട്ടെന്ന് തന്നെ അവളുടെ ആരാധകരാക്കുകയായിരുന്നു. മത്സരത്തിൽ വിജയിച്ചില്ലെങ്കിലും, അവൾ പെട്ടെന്നുതന്നെ ജനപ്രീതി നേടിയെടുത്തു. 2014 -ൽ സ്വന്തമായി ഓൺലൈൻ ചാനൽ ആരംഭിക്കുകയും ചെയ്തു. വിവിധങ്ങളായ ഭക്ഷണം കഴിക്കുന്നതിന്റെ അനേകം വീഡിയോകൾ അവൾ തന്റെ ചാനലിലൂടെ ആരാധകർക്കായി പങ്കുവച്ചു. അതിൽ തന്നെ 600 ഫ്രൈഡ് ചിക്കൻ, 100 ബർഗർ എന്നിവ ഒറ്റയിരിപ്പിന് കഴിച്ചതും 5 കിലോഗ്രാം വീതം സ്റ്റീക്ക്, റാമൺ എന്നിവ ഒറ്റയിരിപ്പിൽ കഴിച്ചതുമാണ് ഏറ്റവും പ്രശസ്തം. എന്തായാലും, അവളുടെ വിരമിക്കൽ ആരാധകരിൽ നിരാശയുണ്ടാക്കിയെങ്കിലും സ്വന്തം ആരോഗ്യം തന്നെയാണ് ഏറ്റവും വലുത്. അതിനാൽ ഈ വിരമിക്കൽ നന്നായി എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.
