Spot lightWorld

ഫ്രഞ്ച് ഫ്രൈസിന് പകരം ചിക്കൻ ബർ​ഗറിന് ബില്ലടിച്ചു, 2 കോടി നഷ്ടപരിഹാരം വേണമെന്ന് യുവാവ്

ബില്ലിം​ഗിൽ തെറ്റ് പറ്റിയതിനെ തുടർന്ന് മക്ഡൊണാൾഡ്‍സിനെതിരെ പരാതിയുമായി ഒരു 33 -കാരൻ. ബെം​ഗളൂരുവിലാണ് സംഭവം നടന്നത്. തനിക്ക് മക്ഡൊണാൾഡ്‍സ് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.  യുവാവ് ഓർഡർ ചെയ്തത് ഫ്രഞ്ച് ഫ്രൈസാണ്. എന്നാൽ, ബില്ലടിച്ചത് ചിക്കൻ ബർ​ഗറിനും. വെജിറ്റേറിയനായ തനിക്ക് ബില്ലിൽ ചിക്കൻ ബർ​ഗർ എന്ന് കണ്ടത് മാനസികപ്രയാസമുണ്ടാക്കി എന്നും അതിനാൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണം എന്നും പറഞ്ഞാണ് യുവാവ് പരാതി നൽകിയത്.  ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ലിഡോ മാളിലെ മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിലാണ് സംഭവം നടന്നത്. പരാതിക്കാരനും മരുമകനുമാണ് ഫ്രഞ്ച് ഫ്രൈസ്  ഓർഡർ ചെയ്തത്. എന്നാൽ, ബില്ലിൽ മക്ഫ്രൈഡ് ചിക്കൻ ബർഗർ (എംഎഫ്‌സി) എന്നായിരുന്നു എഴുതിയിരുന്നത്. അതിന് വിലയും കൂടുതലായിരുന്നു. അപ്പോൾ തന്നെ അവർ തെറ്റ് തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും നഷ്ടപരിഹാരം എന്ന നിലയിൽ 100 രൂപ നൽകാൻ തയ്യാറാവുകയും ചെയ്തു.  എന്നാൽ, മക്ഡൊണാൾഡ്സിൽ നിന്ന് ഔപചാരികമായി ഖേദം പ്രകടിപ്പിക്കണം എന്ന് യുവാവ് ആവശ്യപ്പെട്ടു. അത് കിട്ടിയില്ല എന്നും പറഞ്ഞാണ് യുവാവ് പരാതിയുമായി മുന്നോട്ട് പോയത്. ഒരു പോലീസ് പരാതി, മക്ഡൊണാൾഡിന് ഒരു ഇമെയിൽ, ബാംഗ്ലൂർ അർബൻ II അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലും പരാതി എന്നിവയെല്ലാം യുവാവ് ചെയ്തു. എന്നാൽ, യുവാവിന്റെ പരാതി തള്ളിപ്പോയി. യുവാവിന് നൽകിയത് ഫ്രഞ്ച് ഫ്രൈസ് തന്നെയാണ്. അതുകൊണ്ട് വെജിറ്റേറിയനായ യുവാവിന് പ്രയാസമൊന്നും ഉണ്ടായില്ല. മാത്രമല്ല, ചെറിയൊരു തെറ്റ് പറ്റിപ്പോയതാണ്. അത് അപ്പോൾ തന്നെ തിരുത്തിയിട്ടുമുണ്ട് എന്നാണ് കൺസ്യൂമർ കോർട്ട് പറഞ്ഞത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button