KeralaPolitcsSpot light

ബിന്ദു അനാസ്ഥയുടെ രക്തസാക്ഷി; ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ ബിന്ദു എന്ന സ്ത്രീ കെട്ടിടം തകർന്നുവീണ് മരണപ്പെട്ട സംഭവം അത്യധികം വേദനാജനകമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഇടതുപക്ഷ സർക്കാരിൻ്റെ ആരോഗ്യരംഗത്തെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷി കൂടിയാണ് ബിന്ദു. ആരോഗ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ അപകടസ്ഥലത്തുണ്ടായിരിക്കെ മണിക്കൂറുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നാണ് ബിന്ദു മരണപ്പെടുന്നത്. അങ്ങേയറ്റം പ്രതിഷേധാർഹമായ അനാസ്ഥയാണ് വിഷയത്തിൽ മന്ത്രിമാരുടെയും ബന്ധപ്പെട്ട അധികൃതരുടെയും ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ നിജസ്ഥിതികൾ പല രീതിയിൽ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. നമ്പർ വൺ അവകാശവാദം ഊതിപ്പെരുപ്പിച്ച കുമിളയാണെന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. വീണ ജോർജ് ഉടൻ രാജിവെക്കണം. ആരോഗ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാനുള്ള യാതൊരു ധാർമിക അവകാശവും ഇല്ല. വാചാടോപങ്ങൾകൊണ്ട് ഓട്ടയടക്കാനാണ് മന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ സമൂഹമധ്യേ ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങളും മറുഭാഗത്ത് നടക്കുന്നു.മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണം. വീണ ജോർജിനെ തലസ്ഥാനത്ത് നിന്ന് മാറ്റി വിഷയത്തിൽ അന്വേഷണം നടത്തണം. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുകളും ചികിത്സാ ഉപകരണങ്ങളും സേവനങ്ങളും സുരക്ഷിതത്വവും ഉറപ്പ് വരുത്താനുള്ള സത്വര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button