കണ്ണൂരിൽ ടേക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു; എയർ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കണ്ണൂർ-അബൂദബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. യാത്രക്കാർക്കായി പകരം വിമാനമെത്തിച്ച് ഉച്ചക്ക് 3.30ഓടെ അബൂദബിയിലേക്ക് യാത്ര പുനരാരംഭിച്ചു. ഞായറാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. പറന്നുയർന്ന വിമാനം ഏറെ വൈകാതെ തിരിച്ചിറക്കുകയായിരുന്നു. വിമാനം അല്പദൂരം സഞ്ചരിച്ചശേഷമാണ് പക്ഷിയിടിക്കുന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. പക്ഷിയിടിച്ചതിനാല്‍ വിമാനത്തിന് ചില സാങ്കേതിക തകരാറുള്ളതിനാൽ കൂടുതൽ പരിശോധന നടത്തിയശേഷമേ ഇത് യാത്രക്കായി ഉപയോഗിക്കുകയുള്ളൂവെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു.
