Sports

ഇഞ്ചുറി സമയത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍; ഒഡീഷയെ തുരത്തി മഞ്ഞപ്പട

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാന നിമിഷ ഗോളില്‍ ഒഡീഷ എഫ്‌സിയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ക്വാമെ പെപ്ര, ജീസസ് ജിമെനെസ്, നോഹ് സദൗയി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ജെറി, ഡോറി എന്നിവരുടെ വകയായിരുന്നു ഒഡീഷയുടെ ഗോളുകള്‍. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് കയറി. 16 മത്സരങ്ങളില്‍ 20 പോയിന്റാണ് ടീമിന്. ആറ് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയും.  ഒഡീഷ ഏഴാം സ്ഥാനത്തുണ്ട്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഒഡീഷ മുന്നിലെത്തി. പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ജെറിയുടെ വകയായിരുന്നു ഗോള്‍. ആദ്യ പകുതി ഇതേ നിലയില്‍ അവസാനിച്ചു. ആദ്യപാതിയില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാതിരുന്ന ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പാതിയില്‍ ആകെ മാറി.  60-ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ സമനില ഗോള്‍. പെപ്ര ഗോള്‍ കീപ്പറേയും മറികടന്ന് അനായാസം ഗോള്‍ നേടി. കുറോ സിംഗാണ് ഗോളിനുള്ള അവസരമൊരുക്കിയത്. 73-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. സബ്ബായി എത്തിയ ജീസസ് ജിമനസ് ആണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. നോഹയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. എന്നാല്‍ ഏഴ് മിനിറ്റ് മാത്രമായിരുന്നു ആഘോഷത്തിന് ആയുസ്. 80-ാം മിനിറ്റില്‍ ഒഡീഷ സമനില നേടി. ഒരു ഫ്രീകിക്കില്‍ നിന്ന് കിട്ടിയ അവസരം ഡോറി ഗോളാക്കി മാറ്റി. 83ആം മിനുറ്റില്‍ ഒഡീഷ താരം ഡെല്‍ഗാഡോ രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്ത് പോയത് ഒഡീഷയ്ക്ക് തിരിച്ചടിയായി. ഇത് ബ്ലാസ്‌റ്റേഴ്‌സിന് നേട്ടമായി. ഇഞ്ചുറി സമയത്ത് നോഹയുടെ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button