കാമുകന് കോടിക്കണക്കിന് രൂപയുടെ സ്വത്ത് കൈവരുന്നു, മെയിലിന് പിന്നാലെ കൊലപ്പെടുത്തി കാമുകി
സ്വത്തിനും പണത്തിനും വേണ്ടി ആരെയും കൊല്ലാൻ മടിക്കാത്ത ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ട്. അത്തരം മരവിപ്പിക്കുന്ന വാർത്തകൾ ഓരോ ദിവസവും നാം കേൾക്കാറുമുണ്ട്. അതുപോലെ, കാമുകന് കോടിക്കണക്കിന് വരുന്ന പാരമ്പര്യസ്വത്ത് കൈവരുന്നു എന്ന് കരുതിയാണ് നോർത്ത് ഡക്കോട്ടയിൽ നിന്നുള്ള ഇന തിയ കെനോയർ എന്ന സ്ത്രീ അയാളെ കൊന്നുകളഞ്ഞത്. 48 -കാരിയായ ഇന തന്റെ കാമുകനായ 51 -കാരനായ സ്റ്റീവൻ എഡ്വേർഡ് റിലേ ജൂനിയറിനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. 2024 ഒക്ടോബർ 16 -ന് അവർ തന്റെ കുറ്റം സമ്മതിച്ചു. അതിനുശേഷമാണ് അവർക്കിപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. സ്റ്റീവന് ഒരു അജ്ഞാതന്റെ ഇമെയിൽ വന്നതാണ് സംഭവങ്ങളുടെ തുടക്കം. അയാൾക്ക് 30 മില്യൺ ഡോളർ പാരമ്പര്യസ്വത്തായി കൈവരാൻ പോവുകയായിരുന്നു എന്നായിരുന്നു മെയിൽ. അത് സ്വന്തമാക്കണം എന്ന് കരുതിയാണത്രെ കാമുകിയായ ഇന ഇയാളെ കൊന്നത്. എന്നാൽ, കൊലപാതകശേഷം ഈ മെയിൽ സന്ദേശം വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. 2023 സെപ്റ്റംബർ 3 -നാണ് ഇന ചായയിൽ വിഷം കലർത്തി കാമുകന് നൽകിയത്. ഒരുദിവസം കഴിഞ്ഞപ്പോഴാണ് ഇയാളുടെ അവസ്ഥ മോശമായത്. അടുത്ത ദിവസം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തി. അമിതമായ മദ്യപാനം മൂലമാണ് തൻ്റെ കാമുകന് ഇങ്ങനെ സംഭവിച്ചത് എന്നാണ് ഇന പറഞ്ഞത്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സത്യം എന്താണ് എന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് ഇന അറസ്റ്റിലായതും കുറ്റസമ്മതം നടത്തിയതും. അവൾക്ക്, 25 വർഷത്തെ തടവും 25 വർഷത്തെ സസ്പെൻഡ് സെന്റൻസുമാണ് വിധിച്ചത്. കൂടാതെ കാമുകന്റെ കുടുംബത്തിന് അവൾ $3455 നഷ്ടപരിഹാരമായി നൽകേണ്ടിയും വരും. ഈ ശിക്ഷ കുറവാണ് എന്നായിരുന്നു വിധി വന്നതിന് പിന്നാലെ സ്റ്റീവന്റെ വീട്ടുകാരുടെ പ്രതികരണം.