18 മത്സരങ്ങളിൽ എട്ട് ജയം മാത്രം; ലോകകപ്പ് ക്വാളിഫയർ ചരിത്രത്തിലെ മോശം റെക്കോർഡുമായി ബ്രസീൽ

ലാപാസ്: ബ്രസീലിയൻ ആരാധകർ മറക്കാനാഗ്രഹിക്കുന്ന മൂന്ന് വർഷങ്ങളാണ് കടന്നു പോയത്. ടിറ്റെ പടിയിറങ്ങിയതിന് ശേഷം തുടർച്ചയായി മാറിവന്ന പരിശീലകരും അവരുടെ പരീക്ഷണങ്ങളും ബ്രസീലിനെ തുടർ തോൽവികളിലേക്കും നാണക്കേടിലേക്കുമാണ് നയിച്ചത്. ഒരുവേള ലോകകപ്പിനു യോഗ്യത നേടുമോയെന്ന് പോലും സംശയിച്ച സമയമുണ്ടായി.എന്നാൽ കാർലോ ആഞ്ചലട്ടിയുടെ വരവ് പുതുപ്രതീക്ഷയാണ് ലാറ്റിനമേരിക്കൻ സംഘത്തിന് നൽകിയത്. ആരാധകർ പ്രതീക്ഷിച്ചതു പോലെ ബ്രസീൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. എന്നാൽ പൊടുന്നനെയാണ് ബൊളീവിയയുമായുള്ള ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്. ബ്രസീലിനെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ റെക്കോർഡിലേക്ക് കൂടിയാണ് ഈ പരാജയെത്തിച്ചത്.ലോകകപ്പ് ക്വാളിഫയർ ചരിത്രത്തിലെ കാനറികളുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണത്തേത്. ആകെ 18 മത്സരങ്ങളിൽ എട്ടിൽ മാത്രമാണ് വിജയിക്കാനായത്. വിജയ ശതമാനം 51.85. 28 പോയിന്റോടുകൂടി ഫിനിഷ് ചെയ്തത് അഞ്ചാം സ്ഥാനത്ത്. സൗത്ത് അമേരിക്കൻ ലോകകപ്പ് ക്വാളിഫയർ ചരിത്രത്തിൽ ആദ്യമായാണ് ബ്രസീൽ 30 പോയിന്റിൽ കുറവ് നേടുന്നത്. ഏറ്റവും കുറവ് വിജയങ്ങളും, കുറവ് വിജയശതമാനവും ഇത്തവണ തന്നെയാണ്. ഇതിനു മുമ്പ് 2002 ലോകകപ്പ് ക്വാളിഫയറിലായിരുന്നു മഞ്ഞപ്പടയുടെ സമീപകാലത്തെ മോശം പ്രകടനം. അന്ന് ഒൻപത് മത്സരങ്ങളിൽ വിജയിച്ച ബ്രസീൽ 55.6 വിജയശതമാനത്തോടെയാണ് ക്വാളിഫയർ ക്യാമ്പയിൻ അവസാനിപ്പിച്ചത്. പിന്നീട് ലോകചാമ്പ്യൻമാരായാണ് ബ്രസീൽ പടയോട്ടം അസാനിപ്പിച്ചത്. ചിലിക്കെതിരെ വിജയിച്ച ടീമിൽ നിന്ന് അടിമുടി മാറ്റവുമായാണ് ആഞ്ചലോട്ടി ടീമിനെ വിന്യസിച്ചത്. നെയ്മർ, വിനീഷ്യസ്, റൊഡ്രിഗോ തുടങ്ങിയ പ്രധാന താരങ്ങളൊന്നും ടീമിലുണ്ടായിരുന്നില്ല. യോഗ്യത മാർക്ക് നേരത്തെ കടന്നതോടെ അവസാന മത്സരം ആഞ്ചലോട്ടി പരീക്ഷണമായാണ് കണ്ടിരുന്നത്.
