ബ്രോമാൻസ് റിലീസ് ഫെബ്രുവരി 14 ന്

ജോആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ബ്രോമാൻസ് സോഷ്യൽ മീഡിയയിയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീർക്കുന്നു. കൂടുതലും ക്യാമ്പസുകൾ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടക്കുന്നത്. സോഷ്യൽ മീഡിയയിലാകെ യുവ താരങ്ങളുടെ ക്യാമ്പസ് വൈബ് വൈറലാണ്. ഇതുകൂടാതെ, വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നു തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന എല്ലാ അപ്ഡേറ്റുകളും ഹിറ്റാണ്.
ബ്രോമാൻസിലെ ‘ലോക്കൽ ജെൻ സി ആന്തം’ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. സുഹൈൽ കോയയുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം നൽകിയ പാട്ട് ജെൻ സി വൈബുമായാണ് എത്തിയത്. പതിവ് പാറ്റേൺ മാറ്റിപ്പിടിച്ചാണ് ‘ഏലി ഏലി ഏലി ദ.. മാമനിക്കൊരു ജെലസ്സി.. ‘ തുടങ്ങുന്ന പാട്ടുമായി ഗോവിന്ദ് വസന്ത ഇത്തവണ വന്നത്. കഴിഞ്ഞ ആഴ്ച പുറത്തെത്തിയ സിനിമയുടെ ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറും ഒരു ഫൺ റൈഡ് സൂചനയാണ് നൽകിയത്.
മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും ബാക്ക്ഗ്രൗണ്ടിൽ കേൾക്കാം. കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
