3 വർഷത്തിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ ക്യാൻസർ സെന്റര്‍, മരുന്നിന് ഡ്യൂട്ടി ഇളവും പ്രഖ്യാപിച്ച് ബജറ്റ്

ദില്ലി: അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽഎല്ലാ ജില്ലാ ആശുപത്രികളിലും കാൻസര്‍ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിൽ 200 സെന്ററുകൾ 2025-2026 വർഷത്തിൽ തന്നെ നിർമിക്കുമെന്നും നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലുമായി അടുത്ത വർഷം 10000 സീറ്റുകൾ വർധിപ്പിക്കും. അടുത്ത അഞ്ച് വർഷത്തിൽ 75000 സീറ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അതേസമയം, പ്രധാനമനായും ക്യാൻസറും, മറ്റ് അസാധാരണമായ ഗുരുതര രോഗങ്ങളാലും ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസമായി 36 പ്രധാന മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി. കസ്റ്റംസ് ഡ്യൂട്ടിയിൽ അഞ്ച് ശതമാനം ഇളവ് വരുന്ന ആറ് ജീവൻരക്ഷാ മരുന്നുകൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തും. ഈ പറഞ്ഞ മരുന്നുകളുടെ വൻ തോതിലുള്ള നിർമാണത്തിന് തീരുവ പൂർണമായോ കൺസഷൻ നിരക്കിലോ ഇളവ് നൽകും. മരുന്ന് വിൽപന നടത്തുന്ന കമ്പനികൾക്ക്, ചില പ്രത്യേക മരുന്നുകൾക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി രോഗികൾക്ക് സൗജന്യമായി മരുന്നുകൾ ലഭ്യമാക്കുകയും ചെയ്യുമെന്ന് നിർമല ബജറ്റിൽ പറഞ്ഞു. 13 പുതിയ രോഗി പരിചരണ പരിപാടികൾക്കൊപ്പം 37ൽ കൂടുതൽ മരുന്നുകളും ഉൾപ്പെടുത്തും. സ്വകാര്യ മേഖലയുമായി സഹകരിച്ച് കൊണ്ട് മെഡിക്കൽ ടൂറിസവും, ഹീൽ ഇൻ ഇന്ത്യയും കൂടുതൽ തലത്തിലേക്ക് വളർത്തിയെടുക്കും. താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഒരുക്കുമെന്നും നിർമല പറഞ്ഞു.
