അവസാന സ്ഥാനക്കാരോട് വമ്പ്, തുടര്‍ തോല്‍വികൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം, മുഹമ്മദൻസിനെ 3-0 ന് തകര്‍ത്തു വിട്ടു
കൊച്ചി: ഹാട്രിക് തോല്‍വികൾക്കൊടുവിൽ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ന്ന സ്വന്തം സ്റ്റേഡിയത്തിൽ വിജയം നുകര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ്. ലീഗിലെ അവസാന സ്ഥാനക്കാരായ മുഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. മഞ്ഞപ്പടയ്ക്കായി നോഹ സദൗയിയും അലക്സാണ്ട്രേ കോയെഫുമാണ് വല ചലിപ്പിച്ചത്. ഒരു ഗോൾ മുഹമ്മദൻസ് താരം ഭാസ്കര്‍ റോയ്‍യുടെ ഓണ്‍ ഗോളാണ്. ലീഗിൽ തകര്‍ന്നു നില്‍ക്കുന്ന മുഹമ്മദൻസിനെതിരെ വമ്പ് കാട്ടുന്ന പ്രകടനമാണ് മഞ്ഞപ്പട പുറത്തെടുത്തത്. പക്ഷേ ആദ്യ പകുതിയില്‍ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയുടെ 62-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഭാസ്കര്‍ റോയ്‍യുടെ ഓണ്‍ ഗോളാണ് മഞ്ഞപടയെ സഹായിച്ചത്. 80-ാം മിനിറ്റില്‍ നോഹ സദൗയിയിലൂടെ മഞ്ഞപ്പട വിജയം ഉറപ്പിച്ച ഗോൾ കണ്ടെത്തി. കളിയുടെ അവസാന നിമിഷങ്ങളില്‍ ഒരു ഗോൾ കണ്ടെത്തി അലക്സാണ്ട്രേ കോയെ മഞ്ഞപ്പടയുടെ വിജയം ആധികാരികമാക്കി. തുടര്‍ തോല്‍വികളില്‍ നട്ടംതിരിഞ്ഞ ബ്ലാസ്റ്റേഴ്സിന് ആശ്വാസമാണ് ഈ വിജയം. അതേസമയം, ബ്ലാസ്റ്റേഴ്സ് ആരാധക്കൂട്ടായ്മയായ മഞ്ഞപ്പട കനത്ത പ്രതിഷേധമാണ് ഇന്ന് കൊച്ചി സ്റ്റേഡിയത്തില്‍ ഉയര്‍ത്തിയത്. കറുത്ത ബാനറുമായാണ് മഞ്ഞപ്പട മത്സരത്തിന് എത്തിയത്. ഗാലറിയിൽ ടീം മാനേജ്മെന്‍റിനെതിരെയായിരുന്നു പ്രതിഷേധം. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിൽ എത്തിക്കണമെന്നാണ് ആവശ്യം. ആരാധകരുടെ പ്രതിഷേധത്തോട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് പ്രതികരിച്ചില്ലെന്നും മഞ്ഞപ്പട ഉന്നയിച്ചു.