CrimeKerala

ഇടുക്കി ജില്ല കലക്ടറുടെ സ്റ്റോപ് മെമ്മോ ലംഘിച്ച് പരുന്തുംപാറയിൽ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ്

പീരുമേട്: ഇടുക്കി ജില്ല കലക്ടറുടെ സ്റ്റോപ് മെമ്മോ ലംഘിച്ച് പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിൽ അനധികൃതമായി കൂറ്റൻ കുരിശ് നിർമിച്ചയാൾക്കെതിരെ കേസ്. ഗ്രേസ് കമ്യൂണിറ്റി ഗ്ലോബൽ എന്ന ക്രൈസ്തവ സംഘടനയുടെ നേതാവും ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയുമായ കൊട്ടാരത്തിൽ സജിത് ജോസഫിനെതിരെയാണ് കേസെടുത്തത്. അനധികൃത കുരിശ് ഇന്നലെ റവന്യൂ അധികൃതർ പൊളിച്ചുനീക്കിയിരുന്നു. പരുന്തുംപാറ വ്യൂപോയിന്റിന് തൊട്ടടുത്താണ് കൈയേറ്റഭൂമി. സജിത് ജോസഫ് കൈവശം വെച്ച സ്ഥലത്ത് നിർമാണം നടക്കുന്ന കെട്ടിട സമുച്ചയത്തിന് സമീപമാണ് കൂറ്റൻ കുരിശ് നിർമിച്ചത്. ജില്ല കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ കെട്ടിടത്തിന് സമീപം കഴിഞ്ഞദിവസമായിരുന്നു കുരിശ് സ്ഥാപിച്ചത്. 3.31 ഏക്കർ സർക്കാർഭൂമി കൈയേറി സജിത് ജോസഫ് റിസോർട്ട് നിർമിച്ചതായി ഹൈകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.ഈ മാസം രണ്ടിന് പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയിലെ നിർമാണപ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകാൻ ജില്ല കലക്ടർ പീരുമേട് എൽ.ആർ തഹസിൽദാരെ ചുമതലപ്പെടുത്തി. ഒപ്പം കൈയേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താനും നിർദേശിച്ചു. സജിത് ജോസഫിന് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തു. ഇത് അവഗണിച്ചാണ് കുരിശ് പണിതത്. പണി നടക്കുന്നതറിഞ്ഞിട്ടും ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നു. മറ്റൊരു സ്ഥലത്തുവെച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുകയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. അതിനിടെ, മേഖലയിലെ കൈയേറ്റം കണ്ടെത്താൻ സർവേ വകുപ്പ് ഇന്ന് മഞ്ഞുമല, പീരുമേട് വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button