Kerala

കൊടുങ്ങല്ലൂരിൽ വിവാഹത്തിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചു, ചോദ്യം ചെയ്തതിന് കൂട്ടയടി; പ്രതികൾ പിടിയിൽ

തൃശൂർ: വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. സംഭവത്തിൽ സഹോദരങ്ങളായ എറിയാട് സ്വദേശികളായ ഏറ്റത്ത് വീട്ടിൽ ഷാലറ്റ് (28 ), ഫ്രോബൽ (29), എറിയാട് നീതിവിലാസം സ്വദേശി വാഴക്കാലയിൽ വീട്ടിൽ അഷ്ക്കർ (35), എറിയാട് സ്വദേശികളായ കാരേക്കാട് വീട്ടിൽ ജിതിൻ (30), പള്ളിപറമ്പിൽ വീട്ടിൽ ഷാഫി (29) എന്നിവരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ചൈതന്യ നഗറിലുള്ള ഹാളിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി 8 ന് ആണ് സംഭവമുണ്ടായത്. ഇടിക്കട്ട, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ടാണ് ആക്രമിച്ചത്.  എറിയാട് ചൈതന്യ നഗർ സ്വദേശി അണ്ടുരുത്തി വീട്ടിൽ റിജിൽ, എറിയാട് സ്വദേശികളായ തളിക്കൽ വീട്ടിൽ ദീപു, പേട്ടിക്കാട്ടിൽ വീട്ടിൽ വിഷ്ണു, രാമൻതറ വീട്ടിൽ വിശാഖൻ എന്നിവരെയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ കേസിൽ സഹോദരങ്ങളായ ഷാലറ്റ്, ഫ്രോബൽ എന്നിവരെ അറസ്റ്റ് ചെയ്യാൻ പോയപ്പോൾ അർദ്ധരാത്രി 12.45 ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറുടെയും സംഘത്തിന്റെയും ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷാലറ്റിന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ 3 വധശ്രമക്കേസും 4 അടിപിടിക്കേസുകളുണ്ട്. ഫ്രോബലിന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ 2 വധശ്രമക്കേസും 4 അടിപിടിക്കേസുകളുമുണ്ട്. അഷ്കറിന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ 3 വധശ്രമക്കേസും 5 അടിപിടിക്കേസും, അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനുള്ള ഒരു കേസുമുണ്ട്. ജിതിന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസുണ്ട്. ഷാഫിക്ക് ഒരു വധശ്രമക്കേസും, പൊലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ ഒരു കേസും, 2 അടിപിടിക്കേസും, വീടുകയറി ആക്രമണം നടത്തിയതിനുള്ള ഒരു കേസുമുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ സാലിം.കെ, പ്രോബേഷണറി എസ് ഐ വൈഷ്ണവ്, എ എസ് ഐ സ്വപ്ന, എസ് സി പി ഒ തോമാച്ചൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button