NationalSpot lightWorld

സ്റ്റാർലിങ്കിനെക്കാൾ അഞ്ചിരട്ടി വേഗതയിൽ ഡാറ്റ, അതും 36000 കിലോമീറ്റർ ഉയരത്തിൽ നിന്ന്; രഹസ്യ ലേസർ ഉപഗ്രഹം പരീക്ഷിച്ച് ചൈന- റിപ്പോര്‍ട്ട്

ബെയ്‌ജിങ്: ഇലോൺ മസ്‍കിന്‍റെ സ്റ്റാർലിങ്കിനെക്കാൾ അഞ്ചിരട്ടി വേഗതയില്‍ ഡാറ്റ കൈമാറാനാവുന്ന പുതിയ ലേസർ ഉപഗ്രഹവുമായി ചൈന. ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ ഉയരത്തിൽ ഭൂസ്ഥിര ഭ്രമണപഥത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു രഹസ്യ ഉപഗ്രഹത്തിൽ നിന്ന് സ്റ്റാർലിങ്കിനെക്കാൾ അഞ്ചിരട്ടി വേഗതയില്‍ ചൈനീസ് ശാസ്ത്രജ്ഞർ ഭൂമിയിലേക്ക് വിജയകരമായി 1Gbps വേഗതയിൽ ഡാറ്റ കൈമാറിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞ പവർ ഉള്ള 2-വാട്ട് ലേസർ ഉപയോഗിച്ചായിരുന്നു ഈ ഡാറ്റ കൈമാറ്റം.

പീക്കിംഗ് യൂണിവേഴ്സിറ്റി ഓഫ് പോസ്റ്റ്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസിലെ പ്രൊഫസർ വു ജിയാനും, ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ലിയു ചാവോയുമാണ് ഈ പരീക്ഷണം നയിച്ചത്. അഡാപ്റ്റീവ് ഒപ്റ്റിക്സ് (AO) ഉം മോഡ് ഡൈവേഴ്സിറ്റി റിസപ്ഷനും (MDR) സംയോജിപ്പിച്ച് ഒരു നൂതന സാങ്കേതികവിദ്യ ഇവര്‍ ഇതിനായി ഉപയോഗിച്ചു. ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്തുമ്പോൾ ലേസർ സിഗ്നലുകളെ ദുർബലമാകുന്ന ദീർഘകാലമായുള്ള വെല്ലുവിളിയെ മറികടക്കാൻ ഈ പുതിയ സാങ്കേതികവിദ്യ ഗവേഷകരെ സഹായിച്ചതായാണ് റിപ്പോര്‍ട്ട്.

തെക്കുപടിഞ്ഞാറൻ ചൈനയിലെ ലിജിയാങ് ഒബ്സർവേറ്ററിയിലെ 1.8 മീറ്റർ ദൂരദർശിനി ഉപയോഗിച്ച്, 36705 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ക്ലാസിഫൈഡ് ഉപഗ്രഹത്തിൽ നിന്ന് ലേസർ ഡാറ്റ സ്ട്രീം ശാസ്ത്രജ്ഞർ വിജയകരമായി സ്വീകരിച്ച് ഡീകോഡ് ചെയ്തു. സിസ്റ്റത്തിന്‍റെ നൂതന ഹാർഡ്‌വെയറിൽ ഇൻകമിംഗ് പ്രകാശത്തെ പുനർനിർമ്മിക്കുന്ന 357 മൈക്രോ-മിററുകളും ഒരു കസ്റ്റം ചിപ്പ് അധിഷ്ഠിത അൽഗോരിതം ഉപയോഗിച്ച് തത്സമയം ഏറ്റവും സ്ഥിരതയുള്ള സിഗ്നലുകളെ റൂട്ട് ചെയ്യുന്ന ഒരു മൾട്ടി-പ്ലെയിൻ കൺവെർട്ടറും ഉൾപ്പെടുന്നു. ഈ രീതി ഉപയോഗ യോഗ്യമായ സിഗ്നൽ ട്രാൻസ്‍മിഷന്‍റെ വിജയ നിരക്ക് 72 ശതമാനത്തിൽ നിന്ന് 91 ശതമാനത്തിന് മുകളിലേക്ക് ഉയർത്തിയെന്നും ചൈനീസ് ജേണലായ ആക്റ്റ ഒപ്റ്റിക്ക സിനിക്കയിൽ പ്രസിദ്ധീകരിച്ച പരീക്ഷണ ഫലങ്ങളില്‍ പറയുന്നു

ചൈനയുടെ ബഹിരാകാശ ലേസർ ആശയവിനിമയ ശ്രമങ്ങൾക്ക് ഈ വികസനം മറ്റൊരു പ്രധാന കുതിച്ചുചാട്ടമാണ് സമ്മാനിക്കുന്നത്. 2020-ൽ ഷിജിയാൻ-20 ഉപഗ്രഹത്തിൽ നിന്ന് 10 ജിബിപിഎസ് വേഗതയിൽ ഡാറ്റ കൈമാറി ചൈന ഇതിനകം ഒരു റെക്കോർഡ് സ്ഥാപിച്ചിരുന്നു. എങ്കിലും അതിന്‍റെ കൃത്യമായ പവർ സ്പെസിഫിക്കേഷനുകൾ ഇപ്പോഴും രഹസ്യമായി തുടരുന്നു. ഉപഗ്രഹത്തെ നിരീക്ഷിക്കാനുള്ള യുഎസ് ശ്രമങ്ങളാണ് ഷിജിയാൻ-20നെ രഹസ്യമാക്കി നിലനിര്‍ത്തുന്നതിന് ചൈനീസ് ശാസ്‍ത്രജ്ഞരെ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. ഇത് പുതിയ സാങ്കേതികവിദ്യയുടെ തന്ത്രപരമായ പ്രാധാന്യം കൂടുതൽ അടിവരയിടുന്നു.

സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റിലും ബഹിരാകാശ അധിഷ്ഠിത ഡാറ്റാ ഇൻഫ്രാസ്ട്രക്ചറിലും ആഗോള മത്സരം കടുക്കുന്നതിനിടെയാണ് ചൈന പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഈ ഏറ്റവും പുതിയ ചൈനീസ് മുന്നേറ്റം രാജ്യത്തെ അടുത്ത തലമുറ ആശയവിനിമയങ്ങളുടെ മുൻനിരയിൽ എത്തിക്കുമെന്നാണ് ചൈനയിലെ ടെക്‌നോളജി വിദഗ്‌ധരുടെ പ്രതീക്ഷ. ഇലോൺ മസ്‍ക് നയിക്കുന്ന സ്‌പേസ് എക്‌സിന്‍റെ സ്റ്റാർലിങ്ക് പോലുള്ള നിലവിലെ ലോ-എർത്ത് ഓർബിറ്റ് സാങ്കേതികവിദ്യകളെ മറികടക്കുകയാണ് ചൈനയുടെ ഒരു ലക്ഷ്യം. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളേക്കാള്‍ 60 ഇരട്ടി ഉയരത്തിലാണ് ചൈനയുടെ പരീക്ഷണ രഹസ്യ ഉപഗ്രഹം സ്ഥിതി ചെയ്യുന്നത്. സ്റ്റാര്‍ലിങ്ക് മാതൃകയില്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖല സ്ഥാപിക്കാനുള്ള ശ്രമം ചൈനയും നടത്തിവരികയാണ്.

NB: വാര്‍ത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം സാങ്കല്‍പ്പികം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button