ചോക്കലേറ്റ് മധുരത്തിന് ഇനി വലിയ വില പ്രതീക്ഷിക്കാം; ഹാസൽനട്ട്, കൊക്കോ ഉത്പാദനം വൻതോതിൽ ഇടിഞ്ഞു; ഒലിവ് ഓയിലും പ്രതിസന്ധിയിൽ

ചോക്കലേറ്റിലും ന്യൂട്ടെല്ലയിലും കൊക്കോയോടൊപ്പം പ്രധാനമായി ചേർക്കുന്ന ചെമ്പൻകായ എന്നറിയപ്പെടുന്ന ഹാസൽനട്ടിന്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ ചോക്കലേറ്റ് മാർക്കറ്റ് പ്രതിസന്ധിയിൽ; മധുരത്തിന് വിലവർധന പ്രതീക്ഷിക്കാം. ചെമ്പൻകായയുടെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകരായ തുർക്കിയയിൽ കൃഷി മുന്നിലൊന്നായി ചുരുങ്ങിയതോടെ ലോകത്തെ വമ്പൻ ചോക്കലേറ്റ്, ന്യൂട്ടെല്ല നിർമാതാക്കൾ പ്രതിസന്ധിയിലായി. രജ്യത്തുണ്ടായ കടുത്ത മഞ്ഞുവീഴ്ചയിലാണ് കൃഷി വൻതോതിൽ തകർന്നത്. ഒപ്പം തന്നെ ചോക്കലേറ്റിന്റെ മുഖ്യ ഘടകമായ കൊക്കോ ഉൽപാദകരായ ഐവറി കോസ്റ്റിലും ഘാനയിലും ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തിൽ കൊക്കോ ഉത്പാദനവും തകർന്നു. ഇതോടെ കൊക്കോക്ക് വില കുതിച്ചുയരുകയും ചെയ്തു. ലോകത്തെ ഏറ്റവും പ്രമുഖ ന്യൂട്ടെല്ല നിർമാതാക്കളായ ഫെറെറോ കമ്പനിയാണ് ചെമ്പൻകായുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. ലക്ഷക്കണക്കിന് ജാർ ന്യൂട്ടെല്ലയാണ് ഇവർ ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇവർ പ്രതിസന്ധിയെക്കുറിച്ച് മിണ്ടിയിട്ടില്ല. അതേസമയം ചോക്കലേറ്റ് കമ്പനികൾ തങ്ങുടെ ചോക്കലേറ്റ് ബാറിന്റെ വലിപ്പം കുറയ്ക്കുകയും മറ്റ് ഘടകങ്ങളുടെ എണ്ണം കൂട്ടുകയുമൊക്കെ ചെയ്യുകയാണ്. ചെമ്പൻകായ കിട്ടതായതോടെ അതിന്റെ അളവ് കുറയ്ക്കാൻ തങ്ങൾ നിർബന്ധിതരാകുന്നതായി ഒരു ടർകിഷ് കമ്പനി വക്താവ് പറയുന്നു. പല ചോക്കലേറ്റ് കമ്പനികളും 30 ശതമാനതിൽ നിന്ന് അളവ് 10 ശതമാനമായി കുറച്ചിട്ടുണ്ട്. ചെമ്പൻകായയുടെ ഉത്പാദനം തുർക്കിയയിൽ കഴിഞ്ഞ വർഷത്തെ 7,17,000 ടണ്ണിൽ നിന്ന് ഈ വർഷം 4,53,000 ടണ്ണായി കുറഞ്ഞു. ലോകവിപണിയുടെ മൂന്നിലൊന്നും ഉത്പാദിപ്പിക്കുന്നത് തുർക്കിയയാണ്. അതേസമയം ലോകത്ത് പലയിടത്തും അപ്രതീക്ഷിതമായി കാലാവസ്ഥയിലുണ്ടാകുന്ന പ്രതിസന്ധി കാപ്പിയുടെയും കൊക്കോയുടെയും ഉത്പാദനത്തെ ബാധിക്കുകയും വില വർധിക്കുകയും ലഭിക്കാതെ വരികയും ചെയ്യുകയാണ്. ഒപ്പം ഒലിവ് ഒായിൽ ഉത്പാദനവും തകർച്ചയിലാണ്.
