KeralaSpot light

മെഡി. കോളജ് കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി, അഞ്ചുമിനിറ്റിനകം മടങ്ങി; വഴിയിൽ കരിങ്കൊടി

കോട്ടയം: മെഡിക്കൽ കോളജിലെ പഴയ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് മറ്റൊരു പരിപാടിയിലുണ്ടായിരുന്ന മുഖ്യമന്ത്രി അപകട സ്ഥലത്തേക്ക് എത്തുകയായിരുന്നു. അഞ്ചുമിനിറ്റിനകം മടങ്ങുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് (56) കെട്ടിടം തകർന്ന് മരിച്ചത്. രാവിലെ 10.30-നായിരുന്നു കെട്ടിടം തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരും പെട്ടിട്ടില്ലെന്നാണ് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൂടുതൽ തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് 12.30ഓടെ തിരച്ചിൽ തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് കൂടുതൽ പരിശോധന നടത്തിയപ്പോൾ ഉച്ചക്ക് ഒരു മണിയോടെ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു.ട്രോമാ കെയറിൽ ചികിത്സയിലു​ള്ള മകൾക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു ബിന്ദുവും ഭർത്താവ് വിശ്രുതനും. കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാതായതായി ഭർത്താവ് പറഞ്ഞിരുന്നു. പതിനാലാം വാർഡിലെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവ് സംശയം പ്രകടിപ്പിച്ചിരുന്നു.അതേസമയം, സംഭവത്തിൽ കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കൊച്ചി, കോഴിക്കോട് അടക്കം സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്കും ഓഫീസിലേക്കും പ്രതിഷേധ റാലിയുണ്ടായി.ഉദ്യോഗസ്ഥരില്‍നിന്ന് ലഭിച്ച വിവരമാണ് പറഞ്ഞത് -ആരോഗ്യ മന്ത്രികെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരമാണ് മാധ്യമങ്ങളുമായി പങ്കുവെച്ചതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായി എന്ന് പറയാനാവില്ല. അപകടം ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button