വരുന്നത് സമീപകാലത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്ത്യന്‍ ചിത്രം? സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് ഈ 5 മാറ്റങ്ങള്‍
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 2021 ല്‍ പുറത്തെത്തിയ പുഷ്പയുടെ സീക്വല്‍ ആണ്. ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. അഞ്ച് നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് യു/ എ സര്‍ട്ടിഫിക്കറ്റിനുവേണ്ടി മുന്നോട്ടുവച്ചത്. തെലുങ്ക് പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ നിര്‍ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭാഷണങ്ങളിലെ രണ്ട് വാക്കുകള്‍ക്ക് പകരം വാക്കുകള്‍ ഉപയോഗിക്കാനും മറ്റൊരു വാക്ക് മ്യൂട്ട് ചെയ്യാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. രണ്ടി എന്ന വാക്ക് ലപക്കി എന്നും വെങ്കടേശ്വര്‍ എന്ന വാക്ക് ഭഗവന്ദുഡു എന്നും മാറ്റാനാണ് നിര്‍ദേശം. ദെംഗുഡ്ഡി എന്ന വാക്കാണ് മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫൈറ്റ് സീനുകളിലെ രണ്ട് ഷോട്ടുകളിലുള്ള വയലന്‍സ് കുറയ്ക്കാനും നിര്‍ദേശമുണ്ട്. ഒരു ഷോട്ടില്‍ സിജി ഉപയോഗിക്കാനും മറ്റൊരു ഷോട്ട് സൂം ചെയ്യാനുമാണ് നിര്‍ദേശം. അതേസമയം ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സമീപകാലത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ചിത്രമാവും പുഷ്പ 2. സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ അടങ്ങിയ രേഖയില്‍ ചിത്രത്തിന്‍റെ ദൈര്‍ഘ്യമായി കാട്ടിയിരിക്കുന്നത് 200.38 മിനിറ്റ് ആണ്. അതായത് 3 മണിക്കൂര്‍, 20 മിനിറ്റ്, 38 സെക്കന്‍ഡ്! രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് പ്രതിനായകന്‍. ഫഹദിന്‍റെ കഥാപാത്രത്തിന് ആദ്യ ഭാഗത്തേക്കാള്‍ പ്രാധാന്യം സീക്വലില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.