
എറണാകുളം: എറണാകുളം തൃക്കാക്കരയിൽ സ്കൂളിൽ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് ഇരുട്ട് മുറിയിൽ ഇരുത്തിയെന്ന് പരാതി. ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിച്ചതായും വിദ്യാർത്ഥി പറഞ്ഞു. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിനെതിരെയാണ് പരാതി. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്‌മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാൽ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളല്ല എന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് സ്കൂളിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
