വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; കണ്ടക്ടർ അറസ്റ്റിൽ

പത്തനാപുരം: കെ.എസ്.ആർ.ടി.സി ബസിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ കുന്നിക്കോട് ചക്കുവരയ്ക്കൽ ജ്യോതിസ് ഭവനിൽ അജയഘോഷാണ് (53) അറസ്റ്റിലായത്. കഴിഞ്ഞ 25നായിരുന്നു കേസിന് ആസ്പദമായ സംഭവം.വൈകീട്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി പുനലൂർ ചക്കുവരക്കൽ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറിയതാണ് വിദ്യാർഥിനി. കോട്ടവട്ടം കഴിഞ്ഞപ്പോൾ ബസിൽവെച്ച് കണ്ടക്ടർ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. വീട്ടിലെത്തിയ വിദ്യാർഥിനി സ്കൂളിലെ അധ്യാപികയോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് അധ്യാപിക കുന്നിക്കോട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
