Crime

6 കൊല്ലം മുമ്പ് ഉപേക്ഷിച്ച മൊബൈൽ നമ്പറിന്റെ പേരിൽ കുരുക്ക്; കോടികളുടെ തട്ടിപ്പ് കേസിൽ പ്രതിയായി, ജയിൽ വാസവും

കൊല്ലം: ചെയ്യാത്ത കുറ്റത്തിന് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചെന്ന പരാതിയുമായി കൊല്ലം രാമൻകുളങ്ങര സ്വദേശി ജിതിൻ എന്ന യുവാവ്. വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച മൊബൈൽ സിം നമ്പർ ഉപയോഗിച്ച് ആരോ നടത്തിയ കോടികളുടെ സൈബർ തട്ടിപ്പിനാണ് തനിക്കെതിരെ കേസ് എടുത്തതെന്ന് യുവാവ് പറയുന്നു. നീതി തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ജിതിന്റെയും കുടുംബത്തിന്റെയും തീരുമാനം. കഴിഞ്ഞ മാസമാണ് തെലങ്കാന പൊലീസ് രാമൻകുളങ്ങരയിലെ വീട്ടിൽ എത്തി ജിതിനെ കസ്റ്റഡിയിൽ എടുത്തത്. ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായ ഹൈദരാബാദ് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സംഘത്തിന്റെ വരവ്. തട്ടിപ്പിനായി ഉപയോഗിച്ച അക്കൗണ്ട് തുടങ്ങാനായി ബാങ്കിൽ നൽകിയ മെയിൽ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ളത് ജിതിന്റെ പഴയ മൊബൈൽ നമ്പറാണ്. ഈ കാരണത്താൽ തെലങ്കാന പൊലീസ് കേസിൽ ജിതിനെയും പ്രതിചേർത്തു.  2019ൽ സിം ഉപേക്ഷിച്ചതാണെന്നും നിലവിൽ ആ നമ്പർ മറ്റാരുടെയോ കൈവശമാണെന്നും ജിതിൻ പറയുന്നു. ചെയ്യാത്ത കുറ്റത്തിനാണ് ദിവസങ്ങളോളം തെലങ്കാനയിലെ ജയിലിൽ കഴിഞ്ഞത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷംആദ്യ കേസിലെ അറസ്റ്റിന് പിന്നാലെ 35 സൈബർ തട്ടിപ്പ് കേസുകളാണ് ജിതിനെതിരെ ചുമത്തിയത്. ട്രൂ കോളറിൽ ജിതിന്റെ ഭാര്യ സ്വാതിയുടെ പേര് വരുന്നതിനാൽ ഭാര്യയെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. ആരെന്ന് പോലും അറിയാത്ത രണ്ട് പേർക്കൊപ്പമാണ് തങ്ങളെയും പ്രതി ചേർത്തതെന്ന് ജിതിൻ പറയുന്നു.  നിലവിൽ ജിതിൻ ജാമ്യത്തിലാണ്. അനധികൃതമായി ജയിലിൽ അടച്ചെന്ന പരാതിയുമായി തെലങ്കാന പൊലീസിനെതിരെ കുടുംബം നിയമനടപടി തുടങ്ങിക്കഴിഞ്ഞു. ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും കുടുംബം ആവശ്യപ്പെട്ടു. തെലങ്കാന പൊലീസ്  കള്ളക്കേസിൽ കുടുക്കിയതാണെന്ന് പറഞ്ഞിട്ടും ലോക്കൽ പൊലീസ് സഹായിച്ചില്ലെന്നാണ് ജിതിന്റെയും കുടുംബത്തിന്റെയും ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button