റിസർവ് ബാങ്കിന്റെ ആശംസകൾ, 50 ലക്ഷത്തിന്റെ ഗിഫ്റ്റ് വൗച്ചർ നിങ്ങൾക്ക് സ്വന്തം; തട്ടിപ്പിൽ വീഴല്ലേ എന്ന് പോലീസ്

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേത് എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ. ഇങ്ങനെ ഒരു മെസ്സേജിലൂടെയാണ് ഈ തട്ടിപ്പിൻ്റെ ആരംഭം. ആർബിഐയുടേതെന്ന് വിശ്വസിപ്പിക്കുന്ന സന്ദേശം ലഭിക്കുന്നത്തിനൊപ്പം ലഭിച്ച സമ്മാനത്തിൻ്റെ വൗച്ചർ നിങ്ങൾക്ക് ഫോണിൽ അയച്ച് നൽകുന്നു. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്സ്ആപ്പ് ലിങ്ക് ഉപയോഗിക്കാൻ ആവശ്യപ്പെടും. വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നുകഴിയുമ്പോൾ നിങ്ങൾക്ക് ലഭിച്ച സമ്മാനങ്ങളുടെ ചിത്രങ്ങൾ അയച്ച് തരികയും സമ്മാനം കൈപ്പറ്റാൻ ആവശ്യമായ നിർദ്ദേശങ്ങളും അവർ നൽകുന്നു. സമ്മാനം സ്വന്തമാക്കാനായി ജിഎസ്ടി അടയ്ക്കണം എന്ന് അറിയിക്കുകയും അതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുന്നു. തുടർന്ന് കൂടുതൽ പണം പല കാരണങ്ങൾ പറഞ്ഞ് കൈവശപ്പെടുത്തുന്നു. സമ്മാനം നിയമവിരുദ്ധമായി കൈപ്പറ്റിയെന്ന് പറഞ്ഞ് വിവിധ മന്ത്രാലയങ്ങളുടെയും സിബിഐ, എൻഐഎ മുതലായ അന്വേഷണ ഏജൻസികളുടെ പേരിലും ഭീഷണി നൽകി കൂടുതൽ പണം അപഹരിക്കുന്നു. ഇതാണ് ഈ തട്ടിപ്പിൻ്റെ രീതി. പണം മുഴുവൻ നഷ്ടമായിക്കഴിയുമ്പോഴാകും തട്ടിപ്പിനെ തിരിച്ചറിയുന്നത്. സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കാതിരിക്കുക. വെറുതെ ഒരു സ്ഥാപനങ്ങളും സമ്മാനം നൽകാറില്ല. കൂടാതെ മുൻകൂറായി സമ്മാനങ്ങൾക്ക് നികുതി അടയ്ക്കേണ്ടതുമില്ല. സമ്മാനങ്ങളിൽ വിശ്വസിച്ച് സമ്പാദ്യം നഷ്ടപ്പെടുത്തി വഞ്ചിതരാകാതിരിക്കുക. ഇത്തരം സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടണമെന്നും പൊലീസ് അറിയിച്ചു.
