Kerala

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെ.പി.സി.സി മുൻ അധ്യക്ഷനുമായിരുന്ന സി.വി. പത്മരാജൻ (93) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെ. കരുണാകരൻ, എ.കെ. ആന്‍റണി മന്ത്രിസഭകളിലായി ധനകാര്യം, വൈദ്യുതി, ഫിഷറീസ്, ദേവസ്വം, സാമൂഹിക വികസനം, കയര്‍ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 1992ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ വാഹനാപകടത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സക്ക് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും പത്മരാജൻ വഹിച്ചിരുന്നു. രണ്ടു തവണ ചാത്തന്നൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. 1982-1983, 1991-1995 വർഷങ്ങളിൽ കരുണാകരൻ മന്ത്രിസഭയിലും 1995-1996ലെ ആൻറണി മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചു. 1992ൽ കെ. കരുണാകരൻ വാഹനാപകടത്തെ തുടർന്ന് ചികിത്സക്ക് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. 1983 മന്ത്രിസ്ഥാനം രാജിവെച്ച് നാലു വർഷം കെ.പി.സി.സി അധ്യക്ഷനായി പ്രവർത്തിച്ചു. ഈ സമയത്താണ് തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാന മന്ദിരമായ ഇന്ദിരാഭവൻ നിർമിച്ചത്. കൊല്ലം ഡി.സി.സി അധ്യക്ഷനായും ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 1931 ജൂലൈ 22ന് കൊല്ലം ജില്ലയിലെ പരവൂരില്‍ കെ. വേലു വൈദ്യന്‍റെയും തങ്കമ്മയുടെയും മകനായാണ് സി.വി. പത്മരാജന്‍റെ ജനനം. അഖില തിരുവിതാംകൂര്‍ വിദ്യാർഥി കോണ്‍ഗ്രസിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അധ്യക്ഷനായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 1968 മുതല്‍ കൊല്ലം സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ്, പരവൂര്‍ എസ്.എന്‍.വി. സമാജം ട്രഷറര്‍, എസ്.എന്‍.വി. സ്‌കൂള്‍ മാനേജര്‍, എസ്.എന്‍.വി. ബാങ്ക് ട്രഷറര്‍, കൊല്ലം ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടര്‍, ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ്, സഹകരണ സ്പിന്നിങ് മില്‍ സ്ഥാപക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം എന്നീ പദവികൾ വഹിച്ചു.ജൂലൈ 17,18 തീയതികളില്‍ കെ.പി.സി.സിയുടെ ഔദ്യോഗിക ദുഃഖാചരണം സി.വി. പത്മരാജന്റെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി ജൂലൈ 17,18 തീയതികളില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നേ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടി ഒഴിച്ചുള്ള മുഴുവന്‍ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായും അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button