CrimeKerala

വിദേശത്ത് ജോലികൾ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ, അറിയപ്പെട്ടത് പല പേരുകളിൽ; തിരുവനന്തപുരം സ്വദേശി പിടിയിൽ

മങ്കൊമ്പ്: വിദേശ രാജ്യങ്ങളിൽ വിവിധ ജോലികൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത തിരുവനന്തപുരം സ്വദേശി പിടിയിൽ. നെടുമങ്ങാട് ഉഴമലക്കൽ പഞ്ചായത്ത് രണ്ടാം വാർഡ് ഉഴമലക്കൽ താജി മൻസിൽ തൗഫീക്ക് എന്ന താജുദ്ദീനെയാണ് (54) കൈനടി പൊലീസ് പിടികൂടിയത്. കുറേ നാളുകളായി കോയമ്പത്തൂർ സൗത്ത് ഉക്കടം സെക്കൻഡ് സ്ട്രീറ്റ് ബിലാൽ എസ്റ്റേറ്റ് ഹൗസ് നമ്പർ 28ൽ താമസിച്ചുവരികയായിരുന്നു ഇയാൾ.  വിദേശ രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റി അയക്കുന്നതിനായി 2022ൽ ഇയാൾ കോയമ്പത്തൂർ ആസ്ഥാനമാക്കി സ്വകാര്യ ലിമിറ്റഡ് സ്ഥാപനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫിനെ ഓൺലൈൻ ആപ്പ് വഴി തെരഞ്ഞെടുക്കുകയും അതിനുശേഷം സ്റ്റാഫുകളുടെ പേരിൽ കമ്പനി ആരംഭിക്കുകയും ചെയ്തു. കമ്പനി കെട്ടിടത്തിന്റെ വാടക എഗ്രിമെൻറും കമ്പനിയുടെ പേരിലുള്ള അക്കൗണ്ടുകളും കമ്പനി സ്റ്റാഫുകളുടെ പേരിലാണ് ആരംഭിച്ചത്. എന്നാൽ, അക്കൗണ്ടിൽ വരുന്ന പണം ഇയാൾ അപ്പോൾ തന്നെ എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കുകയാണ് ചെയ്യുന്നത്. ആ കാലയളവിൽ ഇയാൾ പ്രദീപ് നായർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സ്ഥാപനം തുടങ്ങിയ ശേഷം തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിൽ നിന്നായി 30 പേരിൽ നിന്നും ഏകദേശം ഒന്നരക്കോടിയോളം രൂപയാണ് ഇയാൾ കൈവശപ്പെടുത്തിയത്. പണം നൽകിയ ശേഷം ഏറെ നാളായിട്ടും ജോലി ലഭിക്കാതെയിരുന്ന അപേക്ഷകർ ഇയാളെ ബന്ധപ്പെടാൻ ശ്രമിക്കുകയും എന്നാൽ, അത് വിഫലമാകുകയും ചെയ്തതിനെ തുടർന്ന് കബളിപ്പിക്കപ്പെട്ട നിക്ഷേപകർ വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.  സംഭവവുമായി ബന്ധപ്പെട്ട് കൈനടി പൊലീസ് സ്റ്റേഷനിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. പ്രദീപ് നായർ എന്ന കള്ളപ്പേരിൽ അറിയപ്പെട്ടിരുന്നത് താജുദ്ദീനാണെന്ന് മനസിലാക്കി അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ ഇയാളെ ചെന്നൈ കോയംബേട് ഭാഗത്തുള്ള ഒരു ഗസ്റ്റ് ഹൗസ്സിൽ നിന്ന് കൈനടി പൊലീസ് പിടികൂടി. തിരുവനന്തപുരം വഞ്ചിയൂർ, കൊല്ലം കരുനാഗപ്പള്ളി, കണ്ണൂർ തലശേരി, പാലക്കാട് വടക്കാൻചേരി, തൃശൂർ കുന്നംകുളം, വരന്തരപള്ളി തുടങ്ങിയ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ചീറ്റിം​ഗ് കേസുകളിൽ ഒരു വർഷത്തിലേറയായി അന്വേഷിച്ച് വരുന്ന പിടികിട്ടാപ്പുള്ളിയാണ് താജുദ്ദീൻ. ഇത് കൂടാതെ സമാന കുറ്റകൃത്യം നടത്തിയതിന് 2019ൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും മണ്ണൂത്തി പൊലീസ് സ്റ്റേഷനിലും കൂടാതെ 2021-ൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ നേരിട്ട് വരികയാണ്. ആ കുറ്റകൃത്യം ചെയ്ത സമയങ്ങളിൽ ഇയാൾ വിജയകുമാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  ചെന്നൈയിൽ നിന്ന് ഇയാളെ കൈനടി പൊലീസ് പിടികൂടിയ സമയം ലാപ്ടോപ്, മൊബൈൽ ഫോണുകൾ, പല ബാങ്കുകളുടെ 15 എടിഎം കാർഡുകൾ എന്നിവ കണ്ടെത്തുകയും കൂടാതെ സന്തോഷ് എന്ന പേരിലുള്ളതും ഇയാളുടെ ഫോട്ടോ പതിച്ചതുമായ വ്യാജ ആധാർ കാർഡും കണ്ടെടുക്കുകയും ചെയ്തിരുന്നു. സന്തോഷ് എന്ന പേരിലുള്ള ആധാർ കാർഡ് വഴി നടത്തിയ അന്വേഷണത്തിൽ ഇയാൾ കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസിന് സമീപത്തായി എൻലൈറ്റ്ലിങ്ക് എന്ന സ്ഥാപനം ജോൺ ബാഷ എന്നയാൾ മുഖേന നടത്തിവരുന്നതായി പൊലീസ് കണ്ടെത്തി. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ. എൻ. രാജേഷിന്റെ നേതൃത്വത്തിൽ കൈനടി പൊലീസ് ഇൻസ്പെക്ടർ ആർ. രാജീവ്, സീനിയർ സിപിഒമാരായ സനോജ്, സംജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button