Sports

ഐപിഎല്ലിൽ ലക്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം.രാഹുലിനും അഭിഷേകിനും അർദ്ധ സെഞ്ച്വറി

ലക്നൌ: ഐപിഎല്ലിൽ ലക്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഓപ്പണറായി ക്രീസിലെത്തി 51 റൺസ് നേടിയ അഭിഷേക് പോറെലും 57 റൺസുമായി പുറത്താകാതെ നിന്ന കെ.എൽ രാഹുലുമാണ് ഡൽഹിയുടെ വിജയശിൽപ്പികൾ.  പവർ പ്ലേയിൽ ഡൽഹി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 6 ഓവർ പൂർത്തിയായപ്പോൾ ടീം സ്കോർ 54 റൺസിലെത്തിയിരുന്നു. കരുൺ നായർ 9 പന്തിൽ 15 റൺസുമായി മടങ്ങിയെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ കെ. എൽ രാഹുലും അഭിഷേക് പോറെലും ഇന്നിംഗ്സ് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയി. 36 പന്തുകൾ നേരിട്ട അഭിഷേക് പോറെൽ 5 ബൌണ്ടറികളും ഒരു സിക്സറും സഹിതം 51 റൺസ് നേടി. മറുഭാഗത്ത് ഉറച്ചുനിന്ന രാഹുൽ ക്ഷമയോടെയാണ് ബാറ്റ് വീശിയത്. അക്സർ പട്ടേൽ ക്രീസിലെത്തിയതോടെ സ്കോറിംഗിന് വേഗം കൂടി. 15 ഓവറുകൾ പൂർത്തിയാകുമ്പോൾ ഡൽഹി 2ന് 127 റൺസ് എന്ന നിലയിലായിരുന്നു. 16-ാം ഓവർ എറിയാനെത്തിയ ശാർദൂൽ താക്കൂറിനെതിരെ രാഹുൽ ബൌണ്ടറിയും അക്സർ സിക്സറും കണ്ടെത്തിയതോടെ ഡൽഹി വിജയലക്ഷ്യത്തോട് അതിവേഗം അടുത്തു. അർദ്ധ സെഞ്ച്വറിയും പിന്നിട്ട് കുതിച്ച രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ. 42 പന്തുകൾ നേരിട്ട രാഹുൽ 3 വീതം ബൌണ്ടറികളും സിക്സറുകളും സഹിതം 57 റൺസുമായി പുറത്താകാതെ നിന്നു. 20 പന്തുകളിൽ നിന്ന് 34 റൺസുമായി പുറത്താകാതെ നിന്ന അക്സർ രാഹുലിന് ഉറച്ച പിന്തുണ നൽകി. ജയത്തോടെ ഡൽഹി രണ്ടാം സ്ഥാനം നിലനിർത്തി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button