ചെറിയ ഇന്നിംഗ്സെങ്കിലും രോഹിത് ശര്‍മ സ്വന്തമാക്കിയത് വമ്പൻ റെക്കോര്‍ഡ്, പിന്നിലാക്കിയത് സാക്ഷാല്‍ സച്ചിനെ

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ വലിയ സ്കോര്‍ നേടാതെ പുറത്തായെങ്കിലും ലോക റെക്കോര്‍ഡിട്ട് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പാകിസ്ഥാനെതിരെ 15 പന്തില്‍ 20 റണ്‍സടിച്ച രോഹിത് മൂന്ന് ഫോറും ഒരു സിക്സും പറത്തിയശേഷമാണ് ഷഹീൻ അഫ്രീദിയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായത്. ഇതിനിടെ ഏകദിന ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ 9000 റണ്‍സ് തികച്ച രോഹിത് അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററുമായി. ഇന്ത്യൻ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണറെന്ന നിലയില്‍ 9000 പിന്നിട്ട രോഹിത് നസീം ഷാ എറിഞ്ഞ അടുത്ത ഓവറില്‍ ഫോറും സിക്സും പറത്തി പ്രതീക്ഷ നല്‍കിയിരുന്നു. ഓപ്പണറെന്ന നിലയില്‍ 181 ഇന്നിംഗ്സില്‍ നിന്നാണ് രോഹിത് 9000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. 197 ഇന്നിംഗ്സില്‍ 9000 റണ്‍സ് പിന്നിട്ട ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് രോഹിത് ഇന്നലെ മറികടന്നത്. ഓപ്പണറായി 231 ഇന്നിംഗ്സില്‍ 9000 പിന്നിട്ട സൗരവ് ഗാംഗുലിയാണ് ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. കരിയറിന്‍റെ തുടക്കകാലത്ത് മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്ന രോഹിത്തിനെ 2013ലെ ചാമ്പ്യൻസ് ട്രോഫിയില്‍ ധോണിയാണ് ഓപ്പണറായി പരീക്ഷിച്ചത്. പിന്നീട് ഇതുവരെ രോഹിത്തിന് ആ സ്ഥാനം നഷ്ടമായിട്ടില്ല. ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരാ ആദ്യ മത്സരത്തിനിടെ ഏകദിന കരിയറില്‍ 11000 റണ്‍സ് തികച്ച രോഹിത് അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ബാറ്ററായിരുന്നു. വിരാട് കോലിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.269 മത്സരങ്ങളിലെ 261 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത് 11000 റണ്‍സ് തികച്ചത്. 222 മത്സരങ്ങളില്‍ 11000 റണ്‍സ് തികച്ചിട്ടുള്ള വിരാട് കോലിയാണ് ഏറ്റവും കുറവ് മത്സരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയ ബാറ്റര്‍. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമായ രോഹിത്തിന്‍റെ പേരില്‍ 32 സെഞ്ചുറികളും 57 അര്‍ധസെഞ്ചുറികളുമുണ്ട്. ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാനെതിരെ ആദ്യ പന്തെറിയും മുമ്പെ ഇന്ത്യയുടെ തലയിലയത് നിര്‍ഭാഗ്യത്തിന്‍റെ റെക്കോര്‍ഡ‍് സമീപകാലത്ത് മോശം ഫോമിന്‍റെ പേരില്‍ ഏറെ പഴികേട്ട രോഹിത് ന്യൂസിലന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമുള്ള ടെസ്റ്റ് പരമ്പരകളില്‍ നിരാശപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ രോഹിത് രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 41 റണ്‍സടിച്ച രോഹിത് ഇന്നലെ 15 പന്തില്‍ 20 റണ്‍സുമായി മടങ്ങി.
