National

ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകാർക്ക് എട്ടിന്‍റെ പണി! 83,668 വാട്ട്സ്ആപ്പ് അക്കൗണ്ടുകൾക്ക് പൂട്ടിട്ടു

ദില്ലി: ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച 83,668 വാട്സ്ആപ്പ് അക്കൗണ്ടുകളും 3,962 സ്കൈപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ (14C) സ്വീകരിച്ച നടപടിയെ കുറിച്ച് രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.  രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ ഏറിവരികയാണ്. 2024ല്‍ 11 ലക്ഷത്തിലധികം കേസുകളാണ് ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള സൈബര്‍ തട്ടിപ്പുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള അന്വേഷണ സംഘം ചമഞ്ഞ് ഡിജിറ്റല്‍ അറസ്റ്റ് നാടകം തട്ടിപ്പ് സംഘം നടത്തുന്നതും പണം കവരുന്നതും വ്യാപകമാണ്. ഡിജിറ്റല്‍ അറസ്റ്റ് വഴി കോടികള്‍ വരെ നഷ്ടമായവര്‍ രാജ്യത്തുണ്ട്. സൈബര്‍ തട്ടിപ്പുകളെ കുറിച്ചുള്ള പരാതികള്‍ വര്‍ധിക്കവേയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഡിജിറ്റല്‍ തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങളില്‍ വ്യാപകമായ അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി പ്രാദേശിക ഭാഷകളിലടക്കം പരസ്യങ്ങളും പ്രചാരണങ്ങളും നടത്തിവരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സേഴ്‌സുമായി ചേര്‍ന്നും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.  സൈബര്‍ തട്ടിപ്പ് ചെറുക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ട്.  സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഫെബ്രുവരി അവസാനം വരെ 7.81 ലക്ഷം സിം കാര്‍ഡുകളും 2.08 ലക്ഷം ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തു. സ്കാമര്‍മാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച 4,386 കോടി രൂപ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ സുരക്ഷിതമാക്കി.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button