വസ്ത്രത്തിൽ നിന്നും ദുർഗന്ധം വരുന്നോ? മുറിക്കുള്ളിൽ ഉണങ്ങാൻ ഇടുമ്പോൾ ഇത് ശ്രദ്ധിക്കൂ

മുറിക്കുള്ളിൽ വസ്ത്രങ്ങൾ ഉണങ്ങാൻ ഇടുമ്പോൾ അധികപേരും നേരിടുന്ന പ്രശ്നമാണ് തുണിയിൽ നിന്നും വരുന്ന ദുർഗന്ധം. വസ്ത്രങ്ങൾ എപ്പോഴും വെയിലത്ത് ഇട്ടുവേണം ഉണക്കാൻ. എന്നാൽ ചില സാഹചര്യങ്ങളിൽ നമുക്ക് അതിന് കഴിഞ്ഞെന്ന് വരില്ല. മഴക്കാലങ്ങളിൽ പ്രത്യേകിച്ചും വസ്ത്രങ്ങൾ പുറത്ത് ഇട്ടുണക്കാൻ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ആണ് വസ്ത്രങ്ങളിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നത്. ദുർഗന്ധം വരാനുള്ള കാരണം
1. അധികമായി വിയർപ്പുണ്ടായിരുന്ന വസ്ത്രങ്ങളിൽ അലക്കിയതിന് ശേഷവും അതിലെ വിയർപ്പിന്റെ രൂക്ഷ ഗന്ധം മാറണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ വസ്ത്രത്തിൽ നിന്നും ദുർഗന്ധം ഉണ്ടാവാം.
2. ഉണങ്ങിയെന്നു കരുതി നമ്മൾ എടുക്കുന്ന വസ്ത്രങ്ങൾ പൂർണമായും ഉണങ്ങിയെന്ന് വരില്ല. നൂലിഴകൾക്കുള്ളിൽ ഈർപ്പം തങ്ങി നിൽക്കാൻ സാധ്യത ഉള്ളതുകൊണ്ട് വസ്ത്രത്തിൽ ദുർഗന്ധം ഉണ്ടാവാം.
3.വസ്ത്രം സൂക്ഷിക്കുന്ന അലമാരകളിൽ വായു സഞ്ചാരത്തിന്റെ അഭാവം കൊണ്ടും അലക്കിയ വസ്ത്രത്തിൽ നിന്നും ദുർഗന്ധം വരും. ഇത് ശ്രദ്ധിക്കൂ
1. അലക്കിയ വസ്ത്രങ്ങൾ ഉടൻ തന്നെ ഉണക്കാൻ ഇടാൻ ശ്രദ്ധിക്കണം. അധിക നേരം വസ്ത്രത്തിൽ ഈർപ്പം തങ്ങി നിൽക്കുന്നത് ദുർഗന്ധത്തിന് കാരണമാകും.
2. അലക്കിയ വസ്ത്രങ്ങൾ കഴിവതും വെയിലത്ത് ഇട്ടുതന്നെ ഉണക്കാൻ ശ്രമിക്കണം.
3. ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങൾ തിരിച്ചെടുക്കുമ്പോൾ എല്ലാ ഭാഗങ്ങളും ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
4. വസ്ത്രത്തിൽ ഏതെങ്കിലും തരത്തിൽ പൂപ്പൽ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യണം. പൂപ്പൽ ഇരുന്നാലും വസ്ത്രത്തിൽ നിന്നും ദുർഗന്ധം ഉണ്ടാവാം.
5. വസ്ത്രങ്ങൾ അലക്കാൻ വൈകുന്നതും ദുർഗന്ധത്തിന് കാരണമാകും. അധികമായി വിയർപ്പ് പറ്റിയ വസ്ത്രമാണെങ്കിൽ ഉടൻ തന്നെ അലക്കാൻ ശ്രദ്ധിക്കണം.
6. അലക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അല്പം വിനാഗിരി ചേർത്താൽ ദുർഗന്ധം അകറ്റാൻ സഹായിക്കും. അതേസമയം വസ്ത്രത്തിന്റെ ഗുണമേന്മ മനസിലാക്കിയതിന് ശേഷമെ വിനാഗിരി ഉപയോഗിക്കാൻ പാടുള്ളു. ഇല്ലെങ്കിൽ വസ്ത്രങ്ങൾ നശിക്കാനും സാധ്യതയുണ്ട്. വാഷിംഗ് മെഷീനിൽ സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് മെഷീന് കേടുപാടുകൾ ഉണ്ടാക്കും.
