ബ്രഷ് ചെയ്ത ഉടനെ വെള്ളം കുടിക്കുന്നവരാണോ? ആ ശീലം അത്ര നല്ലതല്ല…

പല്ല് തേച്ച ഉടനെ വെള്ളം കുടിക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. എന്നാൽ ആ ശീലം അത്ര നല്ലതല്ല. ബ്രഷ് ചെയ്ത ഉടനെ വെള്ളം, കാപ്പി, ചായ എന്നിങ്ങനെ പാനീയങ്ങളും ഭക്ഷണ സാധനങ്ങളും കഴിക്കുന്നതും ദന്താരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പല്ല് തേക്കുന്നത് ആരോഗ്യകരമായ ശീലമാണ്. പല്ലുകളുടെ ആരോഗ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന് നിർണായകമാണ്. വായയുടെ ആരോഗ്യം ശുചിത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. വായയുടെ ആരോഗ്യം മോശമാകുന്നത് ഹൃദ്രോഗം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ടൂത്ത് പേസ്റ്റിൽ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. ഇത് ബാക്ടീരിയകളെ ചെറുത്ത് പല്ലുകളെ സംരക്ഷിക്കുകയും കേടുപാടുകൾ തടയുകയും ചെയ്യുന്നു. പല്ലിനെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഫ്ലൂറൈഡ് നിർണായക പങ്ക് വഹിക്കുന്നു. അതിന് ഫ്ലൂറൈഡിനെ കുറച്ച് സമയം പല്ലുകളിൽ നിർത്തുന്നത് അത്യാവശ്യമാണ്. കാരണം പല്ലുകളുടെയും ഇനാമലിന്‍റെയും ബലം വർധിപ്പിക്കുന്നതിന് ഫ്ലൂറൈഡ് 10-15 മിനിറ്റ് സമയം ആവശ്യമാണ്. എന്നാൽ പല്ലുതേച്ച ഉടനെ എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ ഫ്ലൂറൈഡ് പല്ലിൽനിന്ന് നഷ്ട്ടപ്പെടുന്നു. അതിനാൽ ആരോഗ്യമുള്ള പല്ലുകൾക്ക് ബ്രഷ് ചെയ്ത ശേഷം വെള്ളം കുടിക്കുന്നതിന് വേണ്ടി കുറച്ച് സമയം കാത്തിരിക്കുക. പല്ലുകൾ ശക്തിപ്പെടുത്തുന്നതിനും ദന്തരോഗങ്ങൾ തടയുന്നതിനും ദിവസം രണ്ട് തവണ ബ്രഷ് ചെയ്യുന്നതെന്ന് നല്ലെതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
