CrimeKerala

പുനർ വിവാഹത്തിന് ഡോക്ട‍ർ നൽകിയ പരസ്യം; കല്യാണ പെണ്ണും സഹോദരനും ബ്രോക്കറും ചമഞ്ഞ് വമ്പൻ തട്ടിപ്പ്, അറസ്റ്റ്

കോഴിക്കോട്: കോഴിക്കോട് പുനർ വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവരാണ് നടക്കാവ് പൊലീസിന്‍റെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി ഇഷാനയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ യുവതിയുടെ കൂട്ടാളികളാണ് ഇപ്പോൾ പിടിയിലായത്. ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് അഞ്ച് ലക്ഷത്തിലധികം രൂപയാണ്. തിരുവനന്തപുരം ജില്ലക്കാരനായ ഡോക്ടറാണ് പരാതിക്കാരൻ. പുനർ വിവാഹത്തിനായി ഡോക്ടർ പത്രത്തിൽ പരസ്യം നൽകി. ഈ പരസ്യം കണ്ടതോടെയാണ് പ്രതികൾ തട്ടിപ്പിന് കോപ്പു കൂട്ടിയത്. കാസർകോട് നിലേശ്വരം സ്വദേശിയായ ഇഷാന ഡോക്ടറുമായി പരിചയത്തിലായി. പിന്നാലെ വിവാഹം തീരുമാനിച്ചു. ഇഷാനക്ക് താമസിക്കാനായി കോഴിക്കോട് വീടെടുക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു, ഡോക്ടർ അത് നൽകുകയും ചെയ്തു. ആ വീട് കാണാൻ പോകുന്നതിനിടെയാണ് ഡോക്ടറുടെ മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെയുള്ളവ തട്ടിയെടുത്ത് സംഘം രക്ഷപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു പ്രതികൾ മുങ്ങിയത്. ഇഷാനയെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എങ്കിലും കൂട്ടുപ്രതികളായ കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവർ ഒളിവിലായിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാസർകോട് വച്ച് ഇരുവരും പിടിയിലായത്. ഡോക്ടർ പ്രതികളെ രണ്ടുപേരേയും തിരിച്ചറിഞ്ഞു. സലീമാണ് ഇഷാനയുടെ സഹോദരൻ എന്ന വ്യാജേനെ ഇടപെട്ടത്. മജീദ് കല്യാണ ബ്രോക്കറായി പ്രവർത്തിക്കുന്ന ആളാണ് എന്നാണ് പൊലീസ് കണ്ടെത്തൽ. നേരത്തേയും സമാന തട്ടിപ്പിന്‍റെ ഭാഗമായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button