NationalSpot light

മരിച്ചെന്ന് വിധിയെഴുതി ഡോക്ടർമാർ; ചിതയിൽ നിന്ന് ബോധം വീണ്ടെടുത്ത് ബധിരനും മൂകനുമായ 25കാരൻ

ജയ്പൂർ: ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ ബധിരനും മൂകനുമായ 25കാരൻ ശവസംസ്കാരത്തിന് നിമിഷങ്ങൾക്ക് മുമ്പ് ബോധം വീണ്ടെടുത്തു. കുടുംബമില്ലാത്ത ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന രോഹിതാഷ് കുമാർ എന്ന യുവാവിനെയാണ് ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചത്. സംഭവത്തെ തുട‍ർന്ന് മൂന്ന് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു. ജുൻജുനു ജില്ലയിലാണ് സംഭവം.  ജില്ലാ ആശുപത്രിയിൽ തിരിച്ചെത്തിയ രോഹിതാഷ് കുമാർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ രാമാവ്താർ മീണ, ഡോ. യോഗേഷ് ജാഖർ, ഡോ. നവനീത് മീൽ, പിഎംഒ ഡോ. സന്ദീപ് പാച്ചാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ വകുപ്പ് സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. നവംബർ 21നാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് രോഹിതാഷ് കുമാറിനെ ജുൻജുനുവിലെ ബിഡികെ ആശുപത്രിയിലെ എമർജൻസി വാർഡിൽ പ്രവേശിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ഉച്ചയ്ക്ക് 2 മണിയോടെ രോഹിതാഷ് കുമാർ മരിച്ചെന്നും മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ആശുപത്രിയിലെ ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ചിതയിൽ വെച്ചതോടെ രോഹിതാഷ് കുമാറിന് പെട്ടെന്ന് ശ്വാസം മുട്ടൽ അനുഭവപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉടൻ തന്നെ ആംബുലൻസിൽ രോഹിതാഷ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. റവന്യൂ ഓഫീസർ മഹേന്ദ്ര മുണ്ട്, സാമൂഹിക നീതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പവൻ പൂനിയ എന്നിവർ ആശുപത്രിയിലെത്തി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button