Health Tips

തണ്ണിമത്തൻ കഴിക്കുമ്പോള്‍ വെളുത്ത ഭാഗം കളയരുത്, നിങ്ങൾ നഷ്ടമാക്കുന്നത് സിട്രുലിൻ.

വൈറ്റമിനുകളും ഫൈബറും പൊട്ടാസിയവും മറ്റ് ധാതുക്കളുമെല്ലാം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. വേനലില്‍ നിര്‍ജലീകരണം തടയാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ തണ്ണിമത്തൻ സഹായിക്കും. പക്ഷേ, തണ്ണിമത്തൻ കഴിക്കുമ്പോള്‍ പലരും ചെയ്യുന്ന തെറ്റാണ് അതിന്റെ ചുവന്ന ഭാഗം കഴിച്ച് തൊണ്ടിനോട് ചേര്‍ന്ന വെളുത്ത ഭാഗം കളയുക എന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് വിലപ്പെട്ട പല പോഷണങ്ങളും നഷ്ടമാകാന്‍ ഇടയാക്കുമെന്ന് പ്രമുഖ ന്യൂട്രീഷനിസ്റ്റ് റയാന്‍ കാര്‍ട്ടര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നു.

തണ്ണിമത്തന്റെ വെള്ള ഭാഗത്തിന് ചുവന്ന ഭാഗത്തെ അപേക്ഷിച്ച് മധുരം അധികം ഉണ്ടാകില്ല എന്നതിനാലാണ് ഇത് പലരും ഒഴിവാക്കുന്നത്. എന്നാല്‍ ഇതില്‍ സിട്രുലിന്‍ എന്ന അവശ്യ പോഷണം അടങ്ങിയിട്ടുണ്ടെന്നും ഇത് വളരെ ഗുണപ്രദമായ ഒന്നാണെന്നും റയാന്‍ ചൂണ്ടിക്കാട്ടുന്നു.

സിട്രുലിനെ ശരീരം അര്‍ജിനൈന്‍ എന്ന അമിനോ ആസിഡായി പരിവര്‍ത്തിപ്പിക്കും. ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്താനും പേശികളെ വളര്‍ത്താനും അര്‍ജിനൈന്‍ സഹായിക്കും. ചയാപചയത്തിലും അര്‍ജിനൈന്‍ മുഖ്യ സ്ഥാനം വഹിക്കുന്നു. നൈട്രിക് ഓക്‌സൈഡ്, ഓര്‍ണിത്തൈന്‍, പോളിഅമിനുകള്‍, അഗ്മറ്റൈന്‍, പ്രോലൈന്‍, ഗ്ലൂട്ടമേറ്റ്, ക്രിയാറ്റൈന്‍, ഡൈമീഥെയ്ല്‍ അര്‍ജിനൈന്‍, യൂറിയ പോലുള്ള പ്രോട്ടീനുകളുടെയും കണികകളുടെയും രൂപീകരണത്തിലേക്കും അര്‍ജിനൈന്‍ നയിക്കുന്നു.

വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, പൊട്ടാസിയം, മഗ്നീഷ്യം, ചില ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയും തണ്ണിമത്തന്റെ വെളുത്ത ഭാഗത്തില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നു. സിട്രുലിന് പുറമേ ക്ലോറോഫില്‍, ലൈകോപേന്‍, ഫ്‌ളാവനോയ്ഡ്, ഫിനോളിക് സംയുക്തങ്ങളും തണ്ണിമത്തന്റെ വെളുത്ത ഭാഗത്ത് അടങ്ങിയിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button