പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്’, ജസ്പ്രീത് ബുമ്രയെ ഇന്ത്യൻ ക്യാപ്റ്റനാക്കരുതെന്ന് മുഹമ്മദ് കൈഫ്
ലക്നോ: രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ജസ്പ്രീത് ബുമ്രയെ ഇന്ത്യൻ ക്യാപ്റ്റനാക്കണമെന്ന നിര്‍ദേശത്തെ എതിര്‍ത്ത് മുന്‍ താരം മുഹമ്മദ് കൈഫ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ ബുമ്രയാണ് ഇന്ത്യയെ നയിച്ചത്. ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റൻ ജയം നേടുകയും ചെയ്തു. ഫോമിലല്ലാത്തതിന്റെ പേരില്‍ രോഹിത് സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നപ്പോഴും വൈസ് ക്യാപ്റ്റനായിരുന്ന ബുമ്രയായിയരുന്നു ഇന്ത്യയെ നയിച്ചത്. ബുമ്രക്ക് പരിക്കേറ്റ് രണ്ടാം ഇന്നിംഗ്സില്‍ ബൗള്‍ ചെയ്യാന്‍ കഴിയാതിരുന്നത് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തകര്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഈ വര്‍ഷം ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുമ്രയെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ശക്തമാണ്. മഹീഷ് തീക്ഷണക്ക് ഹാട്രിക്ക്, എന്നിട്ടും വമ്പന്‍ തോല്‍വി വഴങ്ങി ശ്രീലങ്ക; ഏകദിന പരമ്പര ന്യൂസിലന്‍ഡിന് എന്നാല്‍ ഒരു ബൗളറെക്കാള്‍ ബാറ്റര്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവുന്നതാണ് നല്ലതെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു. റിഷഭ് പന്തിനെയോ കെ എല്‍ രാഹുലിനെയോ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്നും കൈഫ് പറഞ്ഞു. ക്യാപ്റ്റനാക്കിയാല്‍ അത് ബുമ്രയില്‍ അധിക സമ്മര്‍ദ്ദമുണ്ടാക്കുമെന്നും പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നപോലെയാകും അതെന്നും കൈഫ് പറഞ്ഞു. ജസ്പ്രീത് ബുമ്രയെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാക്കരുത്. കാരണം, കാര്യമായ പിന്തുണയില്ലാതിരുന്നിട്ടും ടീമിനായി എല്ലാം മറന്ന് പന്തെറിയുന്ന ഒരേയൊരു ബൗളര്‍ ഇപ്പോള്‍ ബുമ്ര മാത്രമാണ്. അതാണ് ഇപ്പോള്‍ പരിക്ക് പറ്റാന്‍ കാരണമായതും. ഇതാദ്യമായല്ല അദ്ദേഹത്തിന് പരിക്കേല്‍ക്കുന്നത്.
അതുകൊണ്ടു തന്നെ ബുമ്രയെ ക്യാപ്റ്റനാക്കരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ബിസിസിഐ ഇക്കാര്യങ്ങള്‍ കണക്കിലെടുക്കണം. റിഷഭ് പന്തോ കെ എൽ രാഹുലോ രോഹിത്തിന്റെ പിന്‍ഗാമിയാവുന്നതാണ് നല്ലത്. ഇരുവരും ഐപിഎല്‍ ടീമുകളുടെ നായകന്മാരായിട്ടുണ്ട്. ബുമ്രയെ ക്യാപ്റ്റനാക്കുന്നതോടെ അത് അയാളില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാക്കുകയും പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. മുന്നിലുള്ള മികച്ചൊരു കരിയര്‍ അതോടെ ഇല്ലാതവുമെന്നും കൈഫ് യുട്യൂബ് ചാനലില്‍ പറഞ്ഞു.