National

1971ൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പാക് സൈനികർ കീഴടങ്ങിയത് ഓർക്കുന്നില്ലേ?: അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ബോക്സിങ് താരം

കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിവാദ പരാമർശം നടത്തിയ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യൻ ബോക്‌സിങ് താരം ഗൗരവ് ബിധുരി. കശ്മീരിലുള്ള എട്ടു ലക്ഷം ഇന്ത്യൻ സൈനികരുടെ പിടിപ്പുകേടു കൊണ്ടാണ് പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായതെന്ന് പരിഹസിച്ച അഫ്രീദിയെ, 1971ൽ 93000 പാക്കിസ്ഥാൻ സൈനികർ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയ ചരിത്രം ഓർമിപ്പിച്ചാണ് ഗൗരവിന്‍റെ മറുപടി.2017ൽ ജർമനിയിൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരമാണ് ഗൗരവ് ബിധുരി. “പഹൽഗാമിൽ നടന്ന ആക്രമണത്തിന്‍റെ ഞെട്ടലിൽനിന്ന് ഇന്ത്യൻ ജനത ഇനിയും പൂർണമായും വിമുക്‌തരായിട്ടില്ല. ആക്രമണത്തിനു പിന്നാലെ തിരിച്ചടിക്കാനായി ഇന്ത്യൻ ഭരണകൂടം കൈക്കൊള്ളുന്ന നടപടികൾ പാകിസ്താനെ വിറളി പിടിപ്പിക്കുകയാണ്. ഭീകരാക്രമണം തടയാൻ എട്ടു ലക്ഷം ഇന്ത്യൻ സൈനികർക്ക് ഒന്നും ചെയ്യാനായില്ലെന്നാണ് അഫ്രീദി ഒരു അഭിമുഖത്തിൽ പറഞ്ഞത്. അദ്ദേഹത്തെ 1971ലെ കാർഗിൽ യുദ്ധം ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അന്ന് ഇന്ത്യൻ സൈന്യത്തിനു മുന്നിൽ ആയുധംവച്ച് കീഴടങ്ങിയത് 93,000 പാകിസ്താൻ സൈനികരാണ്. അതുകൊണ്ട് ഞങ്ങളുടെ സൈന്യത്തെ കൂടുതലൊന്നും പഠിപ്പിക്കാൻ അഫ്രീദി മിനക്കെടേണ്ട,’ ഗൗരവ് പറഞ്ഞു.ദിവസങ്ങൾക്കു മുമ്പ് ഒരു പാകിസ്താൻ ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിന്‍റെ പേരിൽ പാകിസ്താനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന അഫ്രീദിയുടെ വിവാദ പരാമർശം. ‘ഇന്ത്യയിൽ ഒരു പടക്കം പൊട്ടിയാൽ പോലും കുറ്റം പാകിസ്താനാണ്. അവർക്ക് കശ്മീരിൽ എട്ടു ലക്ഷത്തോളം സൈനികരുണ്ട്. എന്നിട്ടും ഇതു സംഭവിച്ചു. അതിന്റെ അർഥം അവർക്ക് കഴിവില്ല എന്നാണ്. സ്വന്തം ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള കഴിവില്ല എന്നും,’ ഇതായിരുന്നു അഫ്രീദി പറഞ്ഞത്.അഫ്രീദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശിഖർ ധവാനും രംഗത്തെത്തിയിരുന്നു. കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യൻ സൈന്യത്തെ പ്രതിരോധിച്ച് ധവാൻ അഫ്രീദിക്ക് മറുപടി നൽകിയത്. ഇത്തരം അനാവശ്യ പ്രസ്‌താവനകൾ നടത്തുന്നതിനു പകരം, സ്വന്തം രാജ്യത്തിൻ്റെ വളർച്ചയ്ക്കായി എന്തെങ്കിലും ചെയ്യാനാകുമോയെന്ന് നോക്കാനും ധവാൻ അഫ്രീദിയെ ഉപദേശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button