
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത ഡോ. കാർത്തിക പ്രദീപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി സിഇഒ കാർത്തിക പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട സ്വദേശിനിയായ കാർത്തിക വിദേശത്ത് ജോലി ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു തൃശൂർ സ്വദേശിനിയുടെ പരാതി. കാർത്തികയ്ക്കെതിരെ നിലവിൽ 7 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൌസ് ഓഫീസർ അനീഷ് ജോൺ വ്യക്തമാക്കി. മൂന്ന് ലക്ഷം രൂപ മുതൽ എട്ട് ലക്ഷം വരെയാണ് ജോലി വാഗ്ദാനം ചെയ്ത് കാർത്തിക ഉദ്യാഗാർത്ഥികളിൽ നിന്നും കൈക്കലാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ആണ് യുവതി തട്ടിപ്പ് ആരംഭിച്ചത്. ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ എന്ന ജോബ് കൺസൾട്ടൻസി ഏജൻസിയുടെ പേരിലായിരുന്നു തട്ടിപ്പ്. പരാതിക്കാരിയായ തൃശൂർ സ്വദേശിനിയിൽ നിന്നും ഓൺലൈനായും അല്ലാതെയുമായാണ് 5.23 ലക്ഷം രൂപ കൈക്കലാക്കിയതെന്നും പൊലീസ് അറിയിച്ചു. തനിക്കെതിരെ കേസെടുത്തതറിഞ്ഞ് കാർത്തിക കൊച്ചിയിലെ ഓഫീസ് പൂട്ടി കോഴിക്കോടേക്ക് മുങ്ങി. കോഴിക്കോട് ഒളിവിലിരിക്കെയാണ് കൊച്ചി സെൻട്രൽ പൊലീസിന്‍റെ പിടിയിലാവുന്നതെന്നും പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിച്ചിരുന്നത്. യുക്രൈനിൽ ഡോക്ടറായ യുവതി യുക്രൈൻ, ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തതെന്നാണ് വിവരം. രേകകളും പണവും കൈപ്പറ്റിയ ശേഷവും ജോലി ലഭിക്കാതായതോടെയാണ് തൃശൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും കാർത്തികയുടെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി എന്ന സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് കാർത്തിക നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
