CrimeKerala

വാഹന പരിശോധനയ്ക്കിടെ മിന്നൽ വേഗത്തിൽ പാഞ്ഞ് കാറുകൾ, ‘ബ്രൂസ്ലി’ അറസ്റ്റിൽ, കണ്ടെത്തിയത് 176 കിലോ കഞ്ചാവ്

തിരുവനന്തപുരം: തലസ്ഥാനത്തേക്ക് ചില്ലറ വിൽപ്പനയ്ക്കായെത്തിച്ച 176 കിലോ തൂക്കം വരുന്ന കഞ്ചാവ് തമിഴ്നാട്ടിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. ലഹരി സംഘതലവനായ തിരുവനന്തപുരം ഊരമ്പ് സ്വദേശി ബ്രൂസ് ലി അറസ്റ്റിലായി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ചുമതലയുള്ള സിഐ ജി.കൃഷ്ണ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു തമിഴ്നാട്ടിലെ പരിശോധന. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം.  വിവിധ സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്ടിലൂടെ കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നുണ്ടെന്ന് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സംഘം തമിഴ്നാട് നാംഗുനേരി  ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ രണ്ട് കാറുകൾ കണ്ടെത്തിയത്. എക്സൈസ് സംഘം കാറിന് കൈകാണിച്ചു. ഇതോടെ കാർ സംഘത്തെ വെട്ടിച്ച് ഇട റോഡ് വഴി അപകടമായ  രീതിയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.  കാറിനെ പിന്തുടർന്ന്  നടത്തിയ പരിശോധനയിലാണ് ബ്രൂസ്ലിയെ പിടികൂടിയത്. രണ്ടാമത് വാഹനത്തെ സംഘം പിന്തുടർന്നെങ്കിലും ഏർവാടി ഭാഗത്ത് വാഹനം ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവർ കടന്നു. ഈ വാഹനത്തിൽ നിന്നാണ് 88 പൊതികളിലായി സൂക്ഷിച്ച് കഞ്ചാവ് ശേഖരം  കണ്ടെത്തിയത്. കാറിന്റെ ഡിക്കിയിൽ ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ആന്ധ്രയിൽ നിന്ന് എത്തിച്ചതാണ് പൊതികൾ എന്ന് എക്സൈസ് അറിയിച്ചു.തുടർ നടപടികൾക്കായി കഞ്ചാവ് നാംഗുനേരി പൊലീസിന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button